ആലുവ: ആലുവ നിയമസഭാ മണ്ഡലത്തിൽ മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ കെ. മുഹമ്മദാലിയുടെ മകന്റെ ഭാര്യയെ രംഗത്തിറക്കാൻ എൽഡിഎഫ് നീക്കം.
കെ. മുഹമ്മദാലിയുടെ മകൻ നിഷാദിന്റെ ഭാര്യ ഷെൽന നിഷാദിന്റെ പേരാണ് അന്തിമ പട്ടികയിലുള്ളതെന്നാണു സൂചന. എട്ടിനകം സംസ്ഥാന സെക്രട്ടേറിയറ്റ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും.
അതേസമയം ഇതിനെതിരേ പ്രതിഷേധവുമായി പ്രാദേശിക സിപിഎം നേതാക്കളും പ്രവർത്തകരും രംഗത്തെത്തിയതായും അറിയുന്നു.
എ ഗ്രൂപ്പ് നേതാവും എഐസിസി അംഗവുമായിരുന്ന കെ. മുഹമ്മദാലി പ്രാദേശിക എ ഗ്രൂപ്പുകാരുമായുള്ള അഭിപ്രായവ്യത്യാസവും ആരോഗ്യപരമായ കാരണങ്ങളാലും പാലസ് റോഡിലെ വീട്ടിൽ വിശ്രമത്തിലാണ്.
2015 ൽ മുഹമ്മദാലിയുടെ മകൻ നിഷാദ് ആലുവ നഗരസഭ പത്താം വാർഡിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും ഗ്രൂപ്പ് പോരിൽ അഞ്ചാം സ്ഥാനത്തായി.
സ്വതന്ത്ര സ്ഥാനാർഥിയാണ് അന്നു ജയിച്ചത്.ആലുവയിൽ കോൺഗ്രസ് സ്ഥാനാർഥിയായി വീണ്ടും മത്സരിക്കാനൊരുങ്ങുന്ന സിറ്റിംഗ് എംഎൽഎ അൻവർ സാദത്ത് ഐ ഗ്രൂപ്പുകാരനായതിനാൽ ഷെൽനയെ നിർത്തി വോട്ടുകൾ മറിക്കാനാകുമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ് നേതൃത്വം.
സാധ്യതാ പട്ടികയിൽ ഉണ്ടായിരുന്നവരുടെ പേരുകൾ ചർച്ച ചെയ്തശേഷം ഷെൽനയുടെ പേര് മാത്രമായി സംസ്ഥാന സെക്രട്ടേറിയറ്റിനു കൈമാറിയെന്നാണു സൂചന.
തൃശൂർ ഒരുമനയൂർ സ്വദേശിയായ ഷെൽന കോൺഗ്രസ് പശ്ചാത്തലമുള്ള കുടുംബത്തിൽപ്പെട്ടതാണ്. ആർക്കിടെക്ച്ചറായ ഇവർ ഭർത്താവിനൊപ്പം നിലവിൽ ബംഗളൂരുവിലാണ് താമസം.
ഒരു സിപിഎം നേതാവിന്റെ ബിസിനസ് ബന്ധം വഴിയാണു ഷെൽനയുടെ പേര് ഉയർന്നുവന്നതെന്നും ആക്ഷേപമുണ്ട്.