കോട്ടയം: നഗരത്തിനുള്ളിൽ സോഡാക്കുപ്പിയുടെ കഴുത്ത് പോലെ ഒരു പാലം. ട്രാഫിക് നിയമം പാലിക്കാത്തവരെ കുരുക്കാൻ പാലത്തോടു ചേർന്ന് നിലയുറപ്പിച്ച് പോലീസ്.
കടുത്ത പിഴ ഒടുക്കാൻ വകയില്ലാതെ പോലീസിന്റെ കണ്ണുവെട്ടിച്ചു വലിയ വാഹനങ്ങളുടെ മറവിലൂടെ പായുന്ന ഇരുചക്രയാത്രക്കാർ.
ഇവിടെയാണ് മീനച്ചിലാറിനു കുറുകെ നാഗന്പടത്തുള്ള പാലത്തോടു ചേർന്ന് ഇന്നലെ ഇരുചക്ര വാഹന യാത്രക്കാരി ടോറസ് ലോറി കയറി ദാരുണമായി മരിച്ചത്.
പുതിയ റെയിൽവേ മേൽപ്പാലം മുതൽ എസ്എച്ച് മൗണ്ട് വരെ പോലീസ് ജനത്തെ പിഴിയാൻ നടത്തുന്ന നെട്ടോട്ടത്തിൽ അപകടങ്ങൾ പതിവായിരിക്കുന്നു.
ഇതേസ്ഥലത്ത് വാഹനങ്ങൾ ദിശ തെറ്റിച്ച് ഇടതുവശത്തുകൂടി ഓവർടേക്ക് ചെയ്യുന്നതും പതിവാണ്.
ഇരുചക്രങ്ങൾക്കും കാൽനട യാത്രക്കാർക്കും കടന്നുപോകാൻ പ്രത്യേകം പാതയില്ലാത്തും ദുരിതം സൃഷ്ടിക്കുന്നു.
വളവുകളിലും തിരക്കിനിടയിലും വാഹനപരിശോധന പാടില്ലെന്ന നിബന്ധന ഈ മേഖലയിൽ പോലീസ് പാലിക്കുന്നില്ല. വശംതെറ്റിച്ചുള്ള ഓവർടേക്കിംഗ് നിയന്ത്രിക്കാനും സാധിക്കുന്നില്ല.