വൈപ്പിൻ: വൈപ്പിൻ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥിയായി സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.എൻ. ഉണ്ണിക്കൃഷ്ണന്റെ പേര് ജില്ലാകമ്മിറ്റി നിർദേശിച്ചതോടെ പാർട്ടിയിലെ ഉണ്ണിക്കൃഷ്ണൻ അനുകൂലികൾ മണ്ഡലത്തിൽ ഒരുക്കങ്ങൾ തുടങ്ങി.
ഫോണിൽ വിളിച്ച് സഹായസഹകരണങ്ങൾ അഭ്യർഥിച്ചുകൊണ്ടുള്ള പ്രചരണമാണ് തുടങ്ങിയിരിക്കുന്നത്. മാത്രമല്ല പോസ്റ്ററുകളുടെയും ബോർഡുകളുടെയും ഡിസൈനിംഗ് വരെ ആരംഭിച്ചതായാണ് അറിവ്.
സംസ്ഥാന കമ്മിറ്റിയുടെ നിർദേശപ്രകാരം ചുമതലപ്പെട്ട സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളുടെ സാന്നിധ്യത്തിലാണത്രേ ഉണ്ണിക്കൃഷ്ണന്റെ പേര് ഐക്യകണ്ഠമായി ജില്ലാകമ്മിറ്റി നിർദേശിച്ചിട്ടുള്ളതെന്നാണ് ഉണ്ണിക്കൃഷ്ണനോട് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.
അതേ സമയം ഇക്കാര്യത്തിൽ അവസാന തീരുമാനം മുഖ്യമന്ത്രിയുടേതാണെന്നും ഭരണ തുടർച്ച വേണമെന്നാഗ്രഹിക്കുന്ന മുഖ്യമന്ത്രി സ്ഥാനാർഥിത്വം ശർമ്മക്ക് നൽകുമെന്നുമാണ് ശർമ്മയോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ തവണയും ജില്ലാക്കമ്മിറ്റി ശർമയെ വെട്ടിയെങ്കിലും മുഖ്യമന്ത്രിയാണ് ശർമക്ക് സ്ഥാനാർഥിത്വം നൽകിയതെന്നും ഇവർ പറയുന്നു.
ഇതിനിടെ ശർമയ്ക്ക് വേണ്ടി മണ്ഡലത്തിലെ ഭൂരിപക്ഷ സമുദായത്തിന്റെ സമ്മർദം ശക്തമാണെന്നാണ് അറിവ്.മികച്ച ഭരണ പരിചയവും തീരദേശത്തിന്റെ വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് കൊണ്ടുപോകാനുള്ള വൈഭവവും അറിവുമുള്ളയൊരാളെ ഇപ്പോഴത്തെ സാഹചര്യത്തിൽ ഒഴിവാക്കരുതെന്നാണ് ഇവരുടെയൊക്കെ അഭിപ്രായമത്രേ.
ഇക്കാര്യം മുഖ്യന്ത്രിയുടെ ശ്രദ്ധയിലും ഇവർ പെടുത്തിയതായാണ് സൂചനകൾ. ആരായാലും ഇനി വൈപ്പിനിൽ ആരെന്നറിയാൻ മണിക്കൂറുകൾ മാത്രമേ ശേഷിക്കുന്നുള്ളു.