ജോണ്സണ് വേങ്ങത്തടം
കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പില്‍ കളമശേരി സീറ്റില്‍ തനിക്കു പകരമായി മകനു സീറ്റ് തരപ്പെടുത്തി കൊടുക്കാനുള്ള വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ നീക്കങ്ങള്‍ക്കു തിരിച്ചടി നേരിട്ട് എൻഫോഴ്സമെന്റ ഡയറക്ടറേറ്റ് കേസും കോടതി നിരീക്ഷണവും.
കളമശേരിയിലെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ടു ഇബ്രാഹിംകുഞ്ഞ് ലീഗ് നേതൃത്വത്തിന്റെ പിന്തുണയോടെ നില്ക്കുന്ന സമയത്താണ് ഹൈക്കോടതിയില്‍നിന്നും ഇഡിയുടെ ഭാഗത്തുനിന്നും പുതിയ നീക്കം ഉണ്ടായിരിക്കുന്നത്.
ഈ മാസം 22ന് ചോദ്യം ചെയ്യലിനായി കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനാണ് ഇഡി നിര്‍ദേശിച്ചിട്ടുള്ളത്. നോട്ട്നിരോധന കാലത്ത് 10 കോടിരൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് കേസ്.
പാലാരിവട്ടം പാലം അഴിമതി കേസില്‍ വിജിലന്‍സ് ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്തെങ്കിലും രോഗബാധിതനായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നതിനാല്‍ കസ്റ്റഡിയിലെടുക്കാന്‍ കഴിഞ്ഞില്ല.
പിന്നീട് ഹൈക്കോടതിയെ സമീപിച്ച് അദ്ദേഹം ജാമ്യം നേടുകയും ചെയ്തു. ഇബ്രാഹിംകുഞ്ഞ് നേടിയ ജാമ്യം നേരായ മാര്‍ഗത്തിലല്ല എന്ന് ഹൈക്കോടതി നിരീക്ഷിച്ച ദിവസം തന്നെയാണ് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി നോട്ടീസ് അയച്ചത്.
വി.കെ. ഇബ്രാഹിംകുഞ്ഞ് ജാമ്യം നേടാന്‍ കോടതിയെ കബളിപ്പിച്ചെന്ന് സംശയമുണ്ടെന്നാണ് ഹൈക്കോടതി അഭിപ്രായപ്പെട്ടത്.
ജാമ്യ വ്യവസ്ഥയില്‍ ഇളവു തേടി ഇബ്രാഹിം കുഞ്ഞ് നല്കിയ ഹര്‍ജി പരിഗണിച്ച സിംഗിള്‍ ബെഞ്ചാണ് ഇതു വാക്കാല്‍ പറഞ്ഞത്. സിംഗിള്‍ ബെഞ്ചിന്റെ പ്രതികൂല നിരീക്ഷണത്തെത്തുടര്‍ന്ന് ഇബ്രാഹിം കുഞ്ഞ് ഹര്‍ജി പിന്‍വലിച്ചു.
രോഗം ഗുരുതരമാണെന്നു പറഞ്ഞു ജാമ്യം നേടിയശേഷം ഇബ്രാഹിം കുഞ്ഞ് പല പൊതു പരിപാടികളിലും പങ്കെടുത്തെന്നും രോഗബാധിതനായതിനാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് നിയമസഭയില്‍ യുദ്ധം ചെയ്യാനല്ലല്ലോ പോകുന്നതെന്നു മറുപടി നല്‍കിയെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയതും തിരിച്ചടിയായി.
കാന്‍സര്‍ രോഗബാധിതനായി ആശുപത്രിയില്‍ കഴിയുമ്പോഴാണ് പാലാരിവട്ടം അഴിമതിക്കേസില്‍ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്.
രോഗം ഗുരുതരാവസ്ഥയിലായെന്നും ആരോഗ്യം മോശമായെന്നും വ്യക്തമാക്കി ഇബ്രാഹിം കുഞ്ഞ് നല്കിയ ഹര്‍ജിയില്‍ ജനുവരി എട്ടിനാണ് ഇതേ ബെഞ്ച് ജാമ്യം നല്‍കിയത്.
കേസുകളില്‍ ഉള്‍പ്പെട്ടവരെ ഒഴിവാക്കണമെന്നാണ് ലീഗിന്റെ നിര്‍ദേശം. ഇതു ഇബ്രാഹിംകുഞ്ഞിനു സീറ്റ് നിഷേധിക്കാന്‍ കാരണമാകും.
പി.കെ. കുഞ്ഞാലിക്കുട്ടിയുമായിട്ടുള്ള ബന്ധം മൂലം സീറ്റ് തരപ്പെടുമെന്ന വിശ്വാസത്തിലാണ് ഇബ്രാഹിംകുഞ്ഞ് ജാമ്യത്തില്‍ ഇറങ്ങിയത്. പാര്‍ട്ടി അനുവദിച്ചാല്‍ മത്സരിക്കുമെന്നും അദേഹം വ്യക്തമാക്കിയിരുന്നു.
എന്നാല്‍ വിജിലന്‍സിനു പിന്നാലെ കോടതിയും ഇഡിയും രംഗത്തുവന്നതോടെ പ്രശ്നമായിരിക്കുകയാണ്. മകനു സീറ്റ് തരപ്പെടുത്താനുള്ള നീക്കത്തിനെതിരേ പാര്‍ട്ടിക്കുള്ളില്‍ പടലപിണക്കം ആരംഭിച്ചു കഴിഞ്ഞു.
മകന് സീറ്റ് വേണമെന്ന ഇബ്രാഹിംകുഞ്ഞിന്റെ ആവശ്യമാണ് പാര്‍ട്ടിയില്‍ പ്രതിസന്ധിക്ക് കാരണമാക്കിയിരിക്കുന്നത്.