ഹരിപ്പാട്: കിഫ് ബിക്കെതിരെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിന്റെ നടപടികൾ നിയമ പ്രകാരമാണെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരൻ.
നാട്ടിൽ നിന്ന് ചുരുങ്ങിയ പലിശക്ക് വായ്പ ലഭിക്കാനുള്ള സാഹചര്യം ഉണ്ടായിട്ടും കൂടിയ പലിശയ്ക്ക് അന്താരാഷ്ട്ര വായ്പയെടുത്തതിൽ ദുരൂഹതയുണ്ട്.
രാജ്യത്തിനു പുറത്തുനിന്നു കടമെടുക്കാൻ കേന്ദ്ര സർക്കാരിന്റെ അനുവാദം വേണമെന്നിരിക്കെ എല്ലാ ചട്ടങ്ങളും കാറ്റിൽ പറത്തിയാണ് കിഫ് ബി യിലൂടെ അന്താരാഷ്ട്ര മാർക്കറ്റിൽ നിന്നു വായ്പ സ്വീകരിച്ചത്. ഇത് ഗുരുതര കുറ്റമാണെന്നും മുരളീധരൻ പറഞ്ഞു.
കർഷക സ്നേഹം പറയുന്നവർ കുട്ടനാട്ടിലെ കർഷകരുടെ സ്ഥിതി കണ്ടില്ലന്നു നടിക്കുന്നു. നെല്ല് സംഭരിച്ചതിന്റെ പണം കർഷകർക്ക് ലഭിക്കുന്നില്ല.
നെല്ലിന് കേരളം പ്രഖ്യാപിച്ചതിനേക്കാൾ താങ്ങു വില കേന്ദ്രം പ്രഖ്യാപിച്ചു. എന്നാൽ കേരളത്തിൽ നെല്ല് സംഭരിക്കാനുള്ള സംവിധാനമില്ല.
നെല്ലിന് പാടത്തു തന്നെ തീയിടേണ്ട അവസ്ഥയിലാണ് കർഷകർ. കുട്ടനാട് പാക്കേജിന്റെ പേരിലും കർഷകരെ വഞ്ചിക്കുകയാണ് യുപിഎ സർക്കാരും സംസ്ഥാനവും ചെയ്തത്.
പാക്കേജിന്റെ പകുതി പോലും ചെലവഴിക്കാൻ സർക്കാർ തയ്യാറായില്ല. ഒന്നാം കുട്ടനാട് പാക്കേജിന് ശേഷം രണ്ടാം കുട്ടനാട് പാക്കേജും പ്രഖ്യാപിച്ചു.
ആദ്യ കുട്ടനാട് പാക്കേജിന്റെ ബാക്കി എവിടെപ്പോയി എന്ന് പറഞ്ഞിട്ടു മതി രണ്ടാം കുട്ടനാട് പാക്കേജ്. കുട്ടനാട് പാക്കേജിന്റെ മറവിൽ കോടികൾ മുക്കാനാണ് ഇവരുടെ ശ്രമമെന്നും മുരളീധരൻ പറഞ്ഞു.