സ്വന്തം ലേഖകൻ
തൃശൂർ: ഹണിട്രാപ്പ് വഴി ലക്ഷങ്ങൾ തട്ടിയെടുത്ത് അറസ്റ്റിലായ തൃശൂർ സ്വദേശിനി ധന്യ ബാലനെതിരെ (33) കൂടുതൽ പരാതികൾ.
ഹണിട്രാപ്പ് പോലുള്ള പരാതികളല്ല ഇവ. എന്നാൽ വൻ സാന്പത്തിക തട്ടിപ്പ് ഇവർ നടത്തിയതായി ആരോപിച്ച് തൃശൂർ ജില്ലയിൽ നിന്നുള്ള പരാതി തന്നെ ഇപ്പോൾ പോലീസിന് ലഭിച്ചിട്ടുണ്ട്.
ഹണിട്രാപ്പ് കേസിൽ ധന്യ അറസ്റ്റിലായ വാർത്ത കണ്ടതിനെ തുടർന്നാണ് ഇവരെ തിരിച്ചറിഞ്ഞ് തട്ടിപ്പിനിരയായവർ പരാതികളുമായി എത്തിക്കൊണ്ടിരിക്കുന്നത്.
റിമാൻഡിലായ ധന്യയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി അന്വേഷണസംഘം ഇന്ന് കസ്റ്റഡിയിൽ വാങ്ങും.
സാധാരണ ഹണിട്രാപ്പ് കേസുകളിൽ നിന്ന് ഈ കേസ് വ്യത്യസ്തമാകുന്നത് ഇത് ധന്യ ഒറ്റയ്ക്ക് നടത്തിയ തട്ടിപ്പാണെന്നതാണ്.
സാധാരണ പുരുഷൻമാരടക്കം ഒരു സംഘം ആസൂത്രണം ചെയ്താണ് ഹണിട്രാപ്പ് നടത്താറുള്ളത്. ധന്യ ഒറ്റയ്ക്കാണ് തന്റെ തട്ടിപ്പുകൾ നടത്തിയിരുന്നത്.
ധന്യയുടെ ഭർത്താവിന് പോലും ധന്യയുടെ തട്ടിപ്പുകളെക്കുറിച്ച് അറിയില്ലായിരുന്നുവെന്നാണ് നോയിഡയിൽ അന്വേഷണത്തിനെത്തിയ സംഘത്തിന് മനസിലായത്. നോയിഡയിൽ 85 ലക്ഷത്തിന്റെ അത്യാഡംബര ഫ്ളാറ്റിലാണ് ധന്യ താമസിച്ചിരുന്നത്.
2400 ഫ്ളാറ്റുകളാണ് അവിടെയുണ്ടായിരുന്നത്. അവിടെ താമസിക്കുന്ന മുഴുവൻ പേരുടെ ലിസ്റ്റും ശേഖരിച്ച് അതിൽ നിന്ന് മലയാളികളുടെ ലിസ്റ്റ് പ്രത്യേകമുണ്ടാക്കി അതിൽ തൃശൂർ സ്വദേശികളുടെ ലിസ്റ്റ് വേർതിരിച്ചുണ്ടാക്കിയാണ് അന്വേഷണസംഘം ധന്യയിലേക്കെത്തിയത്.
തൃശൂർ സ്വദേശിനിയും നോയിഡയിൽ സ്ഥിര താമസക്കാരിയുമായ ധന്യ ബാലനെ കഴിഞ്ഞ ദിവസമാണ് നോയിഡയിൽ നിന്നും തൃശൂർ സിറ്റി പോലീസ് പിടികൂടിയത്.
തൃശൂരിലെ ഇൻഷുറൻസ് കന്പനിയിൽ ഏജന്റായ മദ്ധ്യവയസ്കനെ സോഷ്യൽ മീഡിയ വഴി പരിചയപ്പെടുകയും ഹോട്ടൽ മുറിയിലേക്ക് വിളിച്ച് വരുത്തി ഫോണിൽ നഗ്നചിത്രങ്ങൾ പകർത്തുകയായിരുന്നു.
തൃശൂർ കളക്ട്രേറ്റിലെ കളക്ടർ ട്രെയിനി ആണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു ഇയാലെ കുടുക്കിയത്.
വലിയ തുകയുടെ ഇൻഷൂറൻസ് എടുക്കാമെന്ന് പറഞ്ഞ് പിന്നീട് പല പ്രാവശ്യമായി പണം ആവശ്യപ്പെട്ട ഇവർ തന്നില്ലെങ്കിൽ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. പല പ്രാവശ്യമായി 1,70,000 രൂപയും അഞ്ച് ലക്ഷം രൂപയുടെ സ്വർണ്ണാഭരണങ്ങളും തട്ടിയെടുത്തിട്ടുണ്ട്.
സംഭവത്തെ തുടർന്ന് തട്ടിപ്പിനിരയായ ഇൻഷൂറൻസ് ഏജന്റ് തൃശൂർ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകുകയായിരുന്നു.
തുടർന്ന് കേസന്വേഷണം സിറ്റി ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർ പി.ശശികുമാർ ഏറ്റെടുക്കുക യായിരുന്നു.
ഒരു മാസത്തിലേറെയായി നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ ഉത്തർപ്രദേശിലെ നോയിഡയിൽ നിന്നും അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അന്വേഷണ സംഘത്തിൽ സിറ്റി ഷാഡോ പോലീസിലെ എസ്ഐ എൻ.ജി.സുവ്രതകുമാർ, എഎസ്ഐ ജയകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ ടി.വി ജീവൻ, സിവിൽ പോലീസ് ഓഫീസർ എം.എസ് ലിഗേഷ്, വനിത സീനിയർ സിവിൽ പോലീസുദ്യോഗസ്ഥരായ പ്രതിഭ, പ്രിയ എന്നിവരും ഉണ്ടായിരുന്നു.