പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.
കേന്ദ്ര സർക്കാരിനെതിരെ മുഖ്യമന്ത്രി നടത്തുന്ന പദപ്രയോഗങ്ങൾ അദ്ദേഹത്തിന്റെ പദവിക്ക് ചേർന്നതല്ലെന്ന് സുരേന്ദ്രൻ പറഞ്ഞു.
മുഖ്യമന്ത്രി അന്തസ് മറക്കുകയാണ്. ഭീഷണിപ്പെടുത്തി വരുതിയിലാക്കാൻ ഉദ്യോഗസ്ഥർ പാർട്ടിക്കാരല്ലെന്നും സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.
ഇത് കേരളമാണ്, ഞങ്ങൾ നേരിടും, ആ പരിപ്പ് ഇവിടെ വേവില്ല തുടങ്ങിയ പദപ്രയോഗങ്ങൾ മുഖ്യമന്ത്രിയുടെ പദവിക്ക് ചേർന്നതല്ല.
സർക്കാർ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെങ്കിൽ കേന്ദ്ര ഏജൻസികളെ എന്തിനാണ് ഭയപ്പെടുന്നതെന്നും എകെജി സെന്ററിലെ ഭാഷ മുഖ്യമന്ത്രി പൊതുസമൂഹത്തിൽ ഉപയോഗിക്കരുതെന്നും സുരേന്ദ്രൻ പറഞ്ഞു.
ബിജെപിയുടെ പരിപ്പ് ഇവിടെ ചെലവാകില്ലെന്ന് പറയാൻ മുഖ്യമന്ത്രിക്ക് എന്ത് അർഹതായാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.
ബംഗാളിലും തൃപുരയിലും ചെലവായിട്ടുണ്ടെന്നും സിപിഎം ഭരിച്ചയിടങ്ങളിലെല്ലാം ബിജെപി വരികയാണെന്നും സുരേന്ദ്രൻ പറഞ്ഞു.
കേരളത്തിലും ആ പരിപ്പ് വേകും. ബിജെപി അധികാരത്തിൽ വരുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.