ഗാന്ധിനഗർ: യുവാവിനെ തട്ടിക്കൊണ്ടു പോയ സംഘത്തിലെ പ്രധാന പ്രതി പോലീസിന്റെ പിടിയിലായതായി സൂചന.
ഇന്നു രാവിലെ ഒന്പതോടെയാണ് തിരുവല്ല സ്വദേശിയായ ഒന്നാം പ്രതിയെ ഗാന്ധിനഗർ പോലീസിന്റെ നേതൃത്വത്തിൽ പിടിച്ചത്.
പ്രതി വീട്ടിലുണ്ടെന്നുള്ള രഹസ്യ വിവരത്തെ തുടർന്ന് ഗാന്ധിനഗർ സിഐ സുരേഷ് വി. നായർ, പിആർഒ മനോജ്, എസ്എച്ചഒ ഹരിദാസ് എന്നിവരടങ്ങുന്ന സംഘമാണ് തിരുല്ലയിൽ നിന്നും പ്രതിയെ പിടികൂടുന്നത്. തട്ടിക്കൊണ്ടുപോകൽ സംഭവത്തിനു പിന്നിൽ പുതിയ രഹസ്യങ്ങളാണ് ചുരുളഴിയുന്നത്.
കഞ്ചാവ് വില്പന നടത്തിയ പണത്തെച്ചൊല്ലിയുണ്ടായ തർക്കത്തിലാണ് അഞ്ചംഗ സംഘം വൈക്കം വെള്ളൂർ സ്വദേശി ജോബിൻ ജോസി(24)നെ തട്ടിക്കൊണ്ടു പോയതെന്നായിരുന്നു പ്രഥമിക നിഗമനം.
എന്നാൽ പ്രതികളിൽ ഒരാളുടെ ഭാര്യയുമായുള്ള യുവാവിന്റെ അടുപ്പമാണ് തട്ടിക്കൊണ്ടു പോകൽ സംഭവത്തിനു പിന്നിലെന്നു വെളിപ്പെടുന്നു.
യുവതിയുമായുള്ള അടുപ്പം പ്രതികളിലൊരാളായ ഭർത്താവ് അറിഞ്ഞതോടെ കുറച്ചു നാളായി യുവാവ് ഒളിവിലായിരുന്നു.
കോട്ടയം മെഡിക്കൽ കോളജിനു സമീപമുള്ള ഒരു വാടക വീട്ടിലായിരുന്നു ഒളിവിൽ കഴിഞ്ഞിരുന്നത്. വീടിനു പുറത്തിറങ്ങുക പോലും ചെയ്തിരുന്നില്ല.
തുടർന്ന് യുവാവുമായി അടുപ്പമുണ്ടായിരുന്ന യുവതിയെ ഉപയോഗിച്ചാണ് പ്രതികൾ യുവാവിനെ സ്കെച്ച് ചെയ്തത്.
ഒളിവിൽ കഴിഞ്ഞിരുന്നിടത്തു നിന്നും യുവാവ് പുറത്തിറങ്ങിയ വിവരം യുവതിയിലൂടെ അറിഞ്ഞതിനു ശേഷമാണ് തട്ടിക്കൊണ്ടു പോകൽ നടക്കുന്നത്. യുവതി ബംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ്.
യുവാവിനെ ഫോണിൽ വിളിച്ച് കോട്ടയം മെഡിക്കൽ കോളജ് കുരിശുപള്ളി ജംഗ്ഷനു സമീപമുള്ള മദ്യശാലയിലുണ്ടെന്നു വിവരം പ്രതികൾക്കു കൈമറിയതും യുവതിയാണെന്നു സംശയിക്കുന്നു. ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവമുണ്ടാകുന്നത്.
കുരിശുപള്ളി ജംഗ്ഷനിലെ മദ്യശാലയ്ക്കു മുമ്പില് നിന്നും രാത്രി 10.30ന് വെള്ള കാറിലെത്തിയ അഞ്ചംഗ സംഘം ജോബിനെ മർദിച്ചു. നിലത്തു വീണ ജോബിനെ റോഡിലൂടെ വലിച്ചിഴച്ച് പാർക്ക് ചെയ്തിരുന്ന വെള്ള കാറിൽ കയറ്റി.
ഈ സമയം തന്നെ രക്ഷിക്കണമെന്നു പറഞ്ഞു ജോബിൻ നിലവിളിക്കുന്നുണ്ടായിരുന്നു.
ഓട്ടോ റിക്ഷ ഡ്രൈവർമാരും വ്യാപാരികളും നോക്കി നിൽക്കെ സിനിമാ സ്റ്റൈലിൽ ഡോർ അടയ്ക്കാതെ തന്നെ കാറ് ചീറിപ്പാഞ്ഞു.
വിവരം അറിഞ്ഞയുടൻ ഗാന്ധിനഗർ പോലീസ് സംഭവ സ്ഥലത്തെത്തി. തുടർന്ന് ഇന്നലെ പുലർച്ചെ മൂന്നിന് തിരുവല്ല ഭാഗത്തുനിന്നും കാറും തട്ടിക്കൊണ്ടു പോയ ജോബിൻ അടക്കം സംഘത്തിലുള്ളവരേയും പിടികൂടി.
കഞ്ചാവ് നൽകാമെന്നു വിശ്വസിപ്പിച്ച് 25,000 രൂപ വാങ്ങിയതിനു ശേഷം തട്ടിപ്പു നടത്തിയതിനാണ് തട്ടിക്കൊണ്ടു പോകൽ നടത്തിയതെന്നായിരുന്നു പ്രതികൾ ആദ്യം മൊഴിനൽകിയത്.