ചേർത്തല: കർണ്ണാടക ഉപമുഖ്യമന്ത്രി ഡോ.സി.എൻ അശ്വത് നാരായണൻ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ചു.
വ്യാഴാഴ്ച വൈകുന്നേരം അഞ്ചോടെ വെള്ളാപ്പള്ളിയുടെ കണിച്ചുകുളങ്ങരയിലെ വസതിയിലെത്തിയ അദ്ദേഹം ഒരു മണിക്കൂറോളം വെള്ളാപ്പള്ളിയുമായി ചർച്ച നടത്തി. എസ്എൻഡിപി യോഗം വിദ്യാഭ്യാസ-ആരോഗ്യ മേഖലയിൽ നടത്തുന്ന പ്രവർത്തങ്ങളെ കുറിച്ച് അറിയാനാണ് എത്തിയതെന്ന് അശ്വത് നാരായണൻ പറഞ്ഞു.
എസ്എൻഡിപി യോഗത്തിന് കർണ്ണാകടയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ എല്ലാ സഹായവും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സന്ദർശനത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമില്ലെന്നും കേരളത്തിലെ അഭ്യസ്ത വിദ്യർക്ക് കർണ്ണാടകയിൽ ധാരാളം തൊഴിൽ അവസരങ്ങൾ നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.സിനിൽ മുണ്ടപ്പളളി, എറണാകുളം ജില്ലാ പ്രസിഡന്റ് ജയപ്രകാശ് എന്നിവരും ഒപ്പമുണ്ടായിരുന്നു.