കോഴിക്കോട്: ഡിസിസി സാധ്യതാ പട്ടികയിലുള്‍പ്പെട്ട നടന് ധര്മജന് ബോള്‍ഗാട്ടിക്കെതിരേ ബാലുശേരി മണ്ഡലം കമ്മിറ്റിയുടെ പേരില്‍ പുറത്തുവന്ന വ്യാജ കത്തുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അന്വേഷിക്കുന്നു.
ബാലുശേരിയില്‍ ധര്‍മജനെ മത്സരിപ്പിച്ചാല്‍ നടി ആക്രമിക്കപ്പെട്ട കേസ് ചര്‍ച്ചയാകുമെന്നും മുന്നണിക്കു മറുപടി പറയേണ്ടി വരുമെന്നും ഇതു യുഡിഎഫിന് ആക്ഷേപകരമാണെന്നുമാണ് പുറത്തു പ്രചരിച്ച കത്തിലുള്ളത്.
യുഡിഎഫ് യോഗ തീരുമാനമെന്ന രീതിയില്‍ കെപിസിസിക്കുള്ള പരാതി രൂപേണയാണ് കത്ത് പുറത്തിറിങ്ങിയത്.
എന്റെ ഒപ്പ് ഇങ്ങനെയല്ല!
എന്നാല്‍, ഇത്തരത്തിലുള്ള കത്തുമായി യാതൊരു ബന്ധവുമില്ലെന്നു യുഡിഎഫ് മണ്ഡലം കണ്‍വീനര്‍ നിസാര്‍ ചേലേരി വ്യക്തമാക്കി. ‘കത്തില്‍ കണ്‍വീനറുടെ പേരും ഒപ്പും ഉള്ളതായി കാണുന്നു. ഞാന്‍ ഈ കത്തില്‍ ഒപ്പ് വച്ചിട്ടില്ല.
കഴിഞ്ഞ ദിവസം നടന്ന നിയോജക മണ്ഡലം കമ്മിറ്റി യോഗത്തില്‍ യുഡിഫ് സ്ഥാനാര്‍ഥിയുടെ വിജയം ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി മൂന്ന് മേഖല ക്യാമ്പുകള്‍ നടത്തുന്നതിനെ കുറിച്ചും ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളുടെ ക്യാമ്പ് നടത്തുന്നതിനെ സംബന്ധിച്ചും വോട്ട് ലിസ്റ്റില്‍ പേരു ചേര്‍ക്കുന്നത് ഊര്‍ജിതമാക്കുന്നതിനെ സംബന്ധിച്ച ചര്‍ച്ചയും തീരുമാനങ്ങളുമാണ് ഉണ്ടായത്. യോഗത്തില്‍ ക്രിയാത്മകമായ വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടുണ്ട്.’
അങ്ങനെ തീരുമാനമില്ല
എന്നാല്‍, സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള കത്ത് മേല്‍കമ്മിറ്റികള്‍ക്ക് നല്കാന് തീരുമാനം എടുത്തിട്ടില്ല.
ബാലുശേരി നിയോജക മണ്ഡലത്തില്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന സാഹചര്യത്തില്‍ കെപിസിസി പ്രഖ്യാപിക്കുന്ന ഏത് സ്ഥാനാര്‍ഥിയെയും വിജയിപ്പിക്കാന്‍ രംഗത്തിറങ്ങുകയെന്നതാണ് ലീഗിന്റെ പ്രഖ്യാപിത നിലപാടും പാരമ്പര്യവും.
ആയതിനാല്‍ ബാലുശേരിയില്‍ യുഡിഎഫ് പ്രഖ്യാപിക്കുന്ന ഏതു സ്ഥാനാര്‍ഥിയെയും വിജയിപ്പിക്കാന്‍ പാര്‍ട്ടി നിശ്ചയിച്ച കണ്‍വീനര്‍ എന്ന നിലയില്‍ നേതൃപരമായ പങ്ക് നിര്‍വഹിക്കുമെന്നും നിസാര്‍ ചേലേരി വ്യക്തമാക്കി.
അതൃപ്തി ഉണ്ട്
അതേസമയം സംഭവത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ അതൃപ്തിയുണ്ട്. സ്ഥാനാര്‍ഥി സാധ്യതാപട്ടികയില്‍ ഇടം പിടിച്ചതിന് തൊട്ടുപിന്നാലെയാണ് ധര്‍മജനെതിരേ കത്ത് പുറത്തിറങ്ങിയത്.
ആഴ്ചകളായി ധര്‍മജന്റെ പേര് മണ്ഡലത്തില്‍ ഉയര്‍ന്നുവന്നിരുന്നെങ്കിലും ആരോപണങ്ങള്‍ ഉണ്ടായിരുന്നില്ല.
സ്ഥാനാര്‍ഥി നിര്‍ണയം അന്തിമഘട്ടത്തില്‍ എത്തിയ സാഹചര്യത്തില്‍ ഇപ്പോള്‍ കത്ത് പുറത്തായത് ഗൗരവമുള്ള കാര്യമായാണ് കോണ്‍ഗ്രസ് കാണുന്നത്.
സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണെന്നും ഡിസിസി പ്രസിഡന്റ് യു.രാജീവന് പറഞ്ഞു. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ യുഡിഎഫിന്റെ നിയോജകമണ്ഡലം കമ്മിറ്റിക്ക് ഒരു റോളുമില്ലെന്നും അദ്ദേഹം പറഞ്ഞു.