വൈക്കം: വൈക്കത്തെയും സമീപ പ്രദേശങ്ങളിലേയും പാടശേഖരങ്ങളിൽ കൊയ്ത നെല്ല് കിഴിവിന്റെ പേരിലെ തർക്കത്തെ തുടർന്ന് സംഭരിക്കാത്തത് പ്രതിഷേധം രൂക്ഷമാക്കുന്നു. വൈക്കത്തെ വെച്ചൂരിലും കല്ലറയിലും സമീപ പ്രദേശമായ നീണ്ടൂരിലുമാണ് നെല്ല് കെട്ടിക്കിടക്കുന്നത്.
കിന്റലിനു 17 കിലോ വരെയാണ് സ്വകാര്യ മില്ലുകാർ കിഴിവ് ആവശ്യപ്പെടുന്നത്. കർഷകരുടെ പ്രതിഷേധം ശക്തമായതോടെ അധികൃതരുടെ ഇടപെടൽ മൂലം കിന്റലിന് ഏഴു കിലോ വരെ ചിലയിടങ്ങളിൽ കർഷകർ നെല്ല് കിഴിവായി നൽകാൻ നിർബന്ധിതരായി.
കല്ലറ മുണ്ടാറിൽ കൊയ്തുവച്ച നെല്ല് മൂന്നാഴ്ചയോളമായി സംഭരിക്കാതിരുന്നതിനെ തുടർന്ന് വൈക്കം തോട്ടകം സ്വദേശിയ കർഷകൻ താഴ്ചയിൽ പി.ജെ. സെബാസ്റ്റ്യൻ പെട്രോളൊഴിച്ചു ആത്മഹത്യ ഭീഷണി മുഴക്കിയിരുന്നു.
തുടർന്നാണ് നെല്ല് സംഭരിക്കുന്നതിന് അധികൃതർ നടപടി സ്വീകരിച്ചത്. ജില്ലാ പാടി ഓഫീസർ സ്ഥലം മാറി പോയതിനു ശേഷം പകരം ഉദ്യോഗസ്ഥനെത്താത്തതും നെല്ലുസംഭരണത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് കർഷകർ ആരോപിക്കുന്നു.
വൈക്കത്തെ വിവിധ പാടശേഖരങ്ങളിൽ അടുത്ത മാസം വിളവെടുപ്പ് നടക്കാനുണ്ട്. നെല്ല് സംഭരണത്തിലെ അനശ്ചിതത്വമൊഴിവാക്കാൻ അധികൃതർ ഫലപ്രദമായി ഇടപെടണമെന്ന് കർഷകർ ആവശ്യപ്പെട്ടു.