പെരുമ്പാവൂർ: എങ്ങോട്ട് വേണമെങ്കിലും ചായുന്ന പെരുമ്പാവൂർ നിയോജക മണ്ഡലത്തിൽ വിവിധ മുന്നണികളുടെ സ്ഥാനാർഥികളെ സംബന്ധിച്ചുളള ചർച്ചകൾ അന്തിമഘട്ടത്തിലേക്ക്. സംസ്ഥാനഭരണം സുഗമമാക്കാൻ മുന്നണികളെ പലവട്ടം സഹായിക്കുന്ന ഈ മണ്ഡലത്തിന്റെ ചരിത്രവും വർത്തമാനവും സ്ഥാനാർഥികളുടെ വിജയഘടകങ്ങളാകാറില്ലെന്നതാണ് വാസ്തവം.
യാക്കോബായ, ഈഴവ, മുസ്ലിം വോട്ടുകൾ ഗതിനിർണയിക്കുന്ന മണ്ഡലം രാഷ്ട്രീയ ചായ്വുകൾക്കുമപ്പുറം വ്യക്തിപ്രഭാവത്തിൽ വിജയം സമ്മാനിക്കുന്ന ഒന്നാണ്. സ്ഥാനാർഥികളെ സംബന്ധിച്ച് വിവിധ പാർട്ടികൾ ചർച്ച നടത്തി ധാരണകളായിട്ടുണ്ടെങ്കിലും ഘടകകക്ഷികളുടെ നീക്കം, നേതൃത്വത്തിന്റെ സമ്മതം, സാമുദായിക സമവാക്യം എന്നീ ഘടകങ്ങൾ അനുസരിച്ചായിരിക്കും അന്തിമപ്രഖ്യാപനം.
നേരത്തേ തുടങ്ങി യുഡിഎഫ്
പതിവിന് വിപരീതമായി സ്ഥാനാർഥി നിർണയത്തിൽ ഇതര മുന്നണികളെ ബഹുദൂരം പിന്നിലാക്കി യുഡിഎഫിൽ സ്ഥാനാർഥി ധാരണയായിട്ടുണ്ട്. സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിളളിയെ തന്നെയാണ് യുഡിഎഫ് മണ്ഡലം കാക്കാൻ നിയോഗിച്ചിരിക്കുന്നത്.
ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും രമേഷ് ചെന്നിത്തല നയിച്ച യാത്രയിലും പിന്നീട് കോൺഗ്രസ് ഭവൻ ഉദ്ഘാടനച്ചടങ്ങളിലും എൽദോസ് കുന്നപ്പിളളിയാണെന്നുളള സൂചനകൾ നേതാക്കൾ പ്രസംഗത്തിലൂടെ പരാമർശിച്ചിരുന്നു.
കൂടാതെ വർഷങ്ങൾക്ക് ശേഷം സിപിഎമ്മിലെ സാജുപോൾ എംഎൽഎയെ മുട്ടുകുത്തിച്ചതും നിർണായകവോട്ട് ബാങ്കായ യാക്കോബായ വിഭാഗക്കാരനായതും മണ്ഡലത്തിലെ വികസനപ്രവർത്തനങ്ങളും അദേഹത്തിന് ഗുണകരമാകും. യുവാക്കൾക്കും വിജയസാധ്യതയുളളവർക്കും പ്രാതിനിധ്യം എന്ന കേന്ദ്രനേതൃത്വത്തിന്റെ ആവശ്യവും ഇതിലൂടെ നിറവേറും.
സ്ഥാനാർഥി നിർണയം കീറാമുട്ടിയായിഎൽഡിഎഫ്
ആദ്യം പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങുക എന്ന പതിവ് രീതിക്ക് കോട്ടം സംഭവിച്ച എൽഡിഎഫിന്റെ സ്ഥാനാർഥി നിർണയവും പെരുമ്പാവൂരിലും അവസാന ഘട്ടത്തിലാണ്. ഇതുവരെ ഒരു പേര് പക്ഷേ അവർ കൃത്യമായി മുന്നോട്ടു വയ്ക്കുന്നില്ല. മുൻ എംഎൽഎ സാജുപോൾ, ജില്ല സെക്രട്ടറിയേറ്റ് അംഗം എൻ.സി. മോഹനൻ എന്നിവരുടെ പേരുകളാണ് സിപിഎമ്മിനകത്ത് പരിഗണിക്കുന്നത്.
യാക്കോബായ വിഭാഗം, മുൻ പരിചയം, വിജയസാധ്യത എന്നിവ കണക്കിലെടുത്ത് പാർട്ടിക്കകത്ത് സാജുപോളിനായി ഒരു വിഭാഗം വാദിക്കുമ്പോൾ എൻ.സി. മോഹനനായും ആളുകൾ രംഗത്തുണ്ട്. എന്നാൽ സിപിഎം പാർട്ടി നേതൃത്വത്തിന് കീറാമുട്ടിയായിരിക്കുന്നത് മറ്റൊരു പ്രശ്നമാണ്.
പുതുതായി ഘടകകക്ഷിയായ മാണി ഗ്രൂപ്പ് ജില്ലയിൽ ഒരു സീറ്റ് ആവശ്യപ്പെട്ടത് പെരുമ്പാവൂരോ അങ്കമാലിയോ ആകാനാണ് സാധ്യത. പെരുമ്പാവൂർ മാണി ഗ്രൂപ്പിന് വിട്ട് നൽകുകയാണെങ്കിൽ എംഎൽഎ ആയി റോഷി അഗസ്റ്റിനാണ് കൂടുതൽ സാധ്യത.
എന്നാൽ സിറ്റിംഗ് സീറ്റിൽ മൽസരിക്കാനാണ് റോഷിയുടെ തീരുമാനമെങ്കിൽ ജില്ലാ പ്രസിഡന്റും പെരുമ്പാവൂർ സ്വദേശിയുമായ ബാബു ജോസഫായിരിക്കും സ്ഥാനാർഥിയായി വരിക. ഇതു സംബന്ധിച്ച് അന്തിമതീരുമാനങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുമെന്നാണറിയുന്നത്.
പെരുമ്പാവൂരിൽകര കയറാൻ എൻഡിഎ
എൻഡിഎയുടെ സീറ്റ് ഘടകകക്ഷിയായ ബിഡിജെഎസിനാണ് ഇവിടെ നൽകിയിരിക്കുന്നത്. ബിഡിജെ എസിന്റെ ജില്ലാ പ്രസിഡന്റും കുന്നത്തുനാട് എസ്എൻഡിപി യൂണിയൻ മുൻ സെക്രട്ടറി എ.ബി. ജയപ്രകാശിന്റെ പേരാണ് ഉയർന്നുവന്നിട്ടുള്ളത്.
ഒട്ടുമിക്ക സമുദായങ്ങളുമായും എസ്എൻഡിപിയുടെ താഴേത്തട്ടിലുളളവരുമായി ബന്ധമുളള ജയപ്രകാശ് ഇക്കുറി മണ്ഡലത്തിൽ വൻമാറ്റങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ്.
ചെറുപാർട്ടികളും
ഇതര പാർട്ടികളായ ട്വന്റി-20, എസ്ഡിപിഐ, വെൽഫെയർ പാർട്ടി, പിഡിപി, വിഫോർ കൊച്ചിൻ തുടങ്ങി മുന്നണി സംവിധാനങ്ങളിലില്ലാത്ത പാർട്ടികളും പെരുമ്പാവൂരിൽ സ്ഥാനാർഥികളെ രംഗത്തിറക്കുന്നതിന്റെ സൂചനകളുണ്ട്.