പാലാ: വീടിന്റെ പോർച്ചിൽ സൂക്ഷിച്ചിരുന്ന ഡ്യൂക്ക് ബൈക്ക് മോഷ്്ടിച്ചത് ആഡംബര ജീവിതത്തിനു പണം കണ്ടെത്താൻ. ഒടുവിൽ കള്ളൻമാർ അഴിക്കുള്ളിലായി.
തിരുവനന്തപുരം വക്കം പാക്കിസ്ഥാൻമുക്ക് വാടപ്പുറം അജീർ (21), കൊല്ലം ചന്ദനത്തോപ്പ് അൽത്താഫ് മൻസിൽ അജ്മൽ (22), ചന്ദനത്തോപ്പ് തെറ്റിവിള പുത്തൻവീട്ടിൽ ശ്രീജിത്ത് (22), കൊല്ലം കരീക്കോട് പുത്തൻപുര തെക്കേതിൽ തജ്മൽ (23)എന്നിവരാണ് പോലീസിന്റെ പിടിയിലായത്.
മോഷ്്ടിച്ച ബൈക്ക് സംഘം വില്പന നടത്തിയതു 20,000 രൂപയ്ക്കാണ്. പാലാ ഞൊണ്ടിമാക്കൽ കവല ഭാഗത്തുള്ള ചേന്നാട്ട് ജോയി ജോസഫിന്റെ വീടിന്റെ പോർച്ചിൽ സൂക്ഷിച്ചിരുന്ന ബൈക്കാണ് മോഷ്്ടിച്ചത്.
അജീർ, അജ്മൽ, ശ്രീജിത്ത് എന്നിവർ പാലായ്ക്കു സമീപമുള്ള ഒരു പാൽ കന്പനിയിൽ ഏതാനും ദിവസങ്ങൾക്കു മുന്പാണ് ജോലിയ്ക്ക് എത്തിയത്. തുടർന്ന് മൂവരും ഒരുമിച്ചുള്ള യാത്രയിലാണ് ഡ്യൂക്ക് ബൈക്ക് കണ്ടത്. ഇതോടെ സംഘം ബൈക്ക് മോഷ്്ടിച്ചു വില്പന നടത്തി പണമുണ്ടാക്കാൻ തീരുമാനിക്കുകയായിരുന്നു.
കഴിഞ്ഞ ഒന്നിനു വെളുപ്പിന് പാൽകന്പനി വക സ്കൂട്ടറിൽ മൂവരും വീടിനു സമീപമെത്തി . അജീറും അജ്മലും ചേർന്ന് വീടിന്റെ പോർച്ചിൽ കയറി ബൈക്കിന്റെ ലോക്ക് തകർത്ത് മോഷ്ടിക്കുകയായിരുന്നു. ഈ സമയം ശ്രീജിത്ത് വെളിയിൽ കാവൽനിന്നു.
മോഷ്ടിച്ച ബൈക്ക് അജീർ തന്റെ സുഹൃത്തായ കൊല്ലത്തുള്ള തജ്മലിന് എത്തിച്ചുകൊടുത്തു. നിരവധി കേസുകളിൽ പ്രതിയായ തജ്മൽ രണ്ടു ലക്ഷത്തോളം രൂപ വിലവരുന്ന ബൈക്ക് 20,000 രൂപയ്ക്കു വാങ്ങി വാഹനത്തിൽ രൂപമാറ്റം വരുത്തിയും വ്യാജ നന്പർ പ്ലേറ്റ് ഘടിപ്പിച്ചും കൈവശം സൂക്ഷിക്കുകയായിരുന്നു.
രണ്ടു ദിവസം മുന്പ് അജീർ പാലായിലെ ജോലി ഉപേക്ഷിച്ച് പെരുന്പാവൂരുള്ള പാൽ കന്പനിയിൽ ജോലിക്ക് കയറി. ബൈക്ക് മോഷണം പോയതോടെ ലഭിച്ച പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചതോടെ ഇവരെക്കുറിച്ചു രഹസ്യവിവരം ലഭിച്ചതോടെ പോലീസ് അജീറിനെ പെരുന്പാവൂരിൽനിന്നും അജ്മലിനെയും ശ്രീജിത്തിനെയും പാലായിൽ നിന്നും തജ്മലിനെയും മോഷ്ടിച്ച ബൈക്കും കൊല്ലം കരീക്കോടുള്ള വീട്ടിൽ നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പാലാ എസ്എച്ച്ഒ സുനിൽ തോമസ്, എസ്ഐമാരായ കെ.എസ്. ശ്യാംകുമാർ, കെ. എസ്. ജോർജ്, തോമസ് സേവ്യർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അരുണ്ചന്ദ്, ഷെറിൻ സ്റ്റീഫൻ എന്നിവരാണ് പ്രതികളെ പിടികൂടിയത്.