സ്വന്തം ലേഖകന്‍
കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് രണ്ടു ദിവസത്തിനുള്ളില്‍ അന്തിമതീരുമാനം അറിയിക്കുമെന്ന് ഘടകകക്ഷികളോട് സിപിഎം. ഘടകകക്ഷികളുമായി ഇതിനകം രണ്ടു തവണ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്.
നല്കിയ സീറ്റുകളുടെ എണ്ണത്തില്‍ ചില കക്ഷികള്‍ ഇപ്പോഴും തൃപ്തരല്ല. എന്നാല്‍ കൂടുതല്‍ കക്ഷികള്‍ മുന്നണിയിലേക്ക് എത്തിയ സാഹചര്യത്തില്‍ സീറ്റുകളില്‍ എല്ലാവരും വിട്ടുവീഴ്ച ചെയ്യണമെന്നാണ് സിപിഎം ആവശ്യപ്പെട്ടത്.
അതേസമയം യുഡിഎഫിലായപ്പോള് മത്സരിച്ചിരുന്ന സീറ്റുകള്‍ വേണമെന്നും വര്‍ഷങ്ങളായി എല്‍ഡിഎഫിലുള്ള പാര്‍ട്ടിയായതിനാല്‍ സിറ്റിംഗ് സീറ്റുകള്‍ തന്നെ വേണമെന്നും ചില കക്ഷികള്‍ സിപിഎം മുമ്പാകെ ആവശ്യപ്പെട്ടു.
ഉഭയകക്ഷി ചര്‍ച്ചകള്‍ മതിയാക്കും
സീറ്റ് സംബന്ധിച്ച് ഇനിയും ഉഭയകക്ഷി ചര്‍ച്ചകള്‍ വേണ്ടെന്ന തീരുമാനത്തിലാണ് സിപിഎം. നിലവിലെ സാഹചര്യത്തില്‍ സെക്രട്ടേറിയറ്റ് ചേര്‍ന്ന് രണ്ട് ദിവസത്തിനുള്ളില്‍ അന്തിമതീരുമാനം അറിയിക്കാമെന്ന് ഘടകകക്ഷി നേതാക്കളോട് സിപിഎം വ്യക്തമാക്കി.
ഇതോടെ എകെജി സെന്ററില്‍ നിന്നുള്ള ഫോണ്‍കോള്‍ കാത്തിരിക്കുകയാണ് ഘടകകക്ഷി നേതാക്കള്‍. എല്‍ഡിഎഫില്‍ ഐഎല്എല്ലിന് സിറ്റിംഗ് സീറ്റുകള്‍ എല്ലാം ഇത്തവണ അനുവദിച്ചിട്ടുണ്ട്.
അഞ്ചിൽ നിന്ന് നാലിലേക്ക് ജെഡിഎസ്
വര്‍ഷങ്ങളായി മുന്നണിയില്‍ തുടരുന്ന ജനതാദള്‍ എസിന് (ജെഡിഎസ്) കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകളില്‍ ഒന്ന് നഷ്ടപ്പെട്ടു. ജെഡിഎസ് വിജയിച്ച വടകര സീറ്റാണ് നഷ്ടപ്പെട്ടത്. ഇതോടെ ജെഡിഎസ് അഞ്ച് സീറ്റുകളില്‍ നിന്ന് നാലിലേക്ക് ഒതുങ്ങി.
നിലവില്‍ നാലു സീറ്റുകളുടെ കാര്യത്തിലും സിപിഎം അന്തിമ തീരുമാനം അറിയിച്ചിട്ടില്ല. കോവളം, തിരുവല്ല, അങ്കമാലി,ചിറ്റൂര്‍ എന്നിവിടങ്ങളാണ് ജെഡിഎസ് ഇപ്പോള്‍ ആവശ്യപ്പെട്ടത്. ഇതില്‍ അങ്കമാലിയുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. എല്‍ജെഡിക്ക് മൂന്ന് സീറ്റുകളാണ് നല്‍കുന്നത്.
കല്പറ്റ, വടകര, കൂത്തുപറമ്പ് സീറ്റുകളാണ് അനുവദിച്ചത്.എന്നാല്‍ എല്‍ജെഡി തെക്കന്‍ ജില്ലയില്‍ രണ്ടു സീറ്റുകള്‍ കൂടി ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫിലായിരുന്നപ്പോള്‍ കണ്ണൂര്‍, മട്ടന്നൂര്‍, വടകര, എലത്തൂര്‍, കല്‍പ്പറ്റ, അമ്പലപ്പുഴ, നേമം സീറ്റുകളിലായിരുന്നു മത്സരിച്ചത്.
എല്‍ഡിഎഫില്‍ എത്തിയപ്പോള്‍ മൂന്ന് സീറ്റ് മാത്രം നല്‍കിയതില്‍ എല്‍ജെഡിക്ക് എതിര്‍പ്പുണ്ട്.ജെഡിഎസിന് നാല് സീറ്റുകള്‍ അനുവദിച്ചാല്‍ എല്‍ജെഡിയും ഒരു സീറ്റ് ആവശ്യം ശക്തമാക്കുമെന്നാണ് സൂചന. എന്‍സിപിക്കും രണ്ട് സീറ്റുകള്‍ നല്‍കാമെന്നാണ് ധാരണയായത്.
എന്നാല്‍ ഒരു സീറ്റ് കൂടി വേണമെന്നാണ് ഇവരുടെ ആവശ്യം. ജനാധിപത്യ കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് ബി, കേരള കോണ്‍ഗ്രസ് എസ് എന്നീ കക്ഷികള്‍ക്കെല്ലാം ഒരു സീറ്റ് വീതം നല്‍കാനാണ് സാധ്യത.