പത്തനംതിട്ട: സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റായ റാന്നി ഏറ്റെടുക്കുന്ന കേരള കോണ്‍ഗ്രസ് എമ്മിനു മുന്നില്‍ ഉയരുന്നത് വന്‍ വെല്ലുവിളി. എംഎല്‍എ എന്ന നിലയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കുന്ന സിപിഎം നേതാവ് രാജു ഏബ്രഹാമിനെ ഒഴിവാക്കിയാണ് റാന്നി കേരള കോണ്‍ഗ്രസ് എമ്മിനു നല്‍കുന്നത്.
ജില്ലാ കമ്മിറ്റി എതിർത്തിട്ടും
മണ്ഡലം വിട്ടുകൊടുക്കുന്നതില്‍ സിപിഎം ജില്ലാ കമ്മിറ്റിക്കുള്ള എതിര്‍പ്പ് വകവയ്ക്കാതെ സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം നടപ്പാക്കുകയാണ്. റാന്നിയില്‍ ജയസാധ്യത കണക്കിലെടുത്ത് രാജു ഏബ്രഹാമിനു തന്നെ സീറ്റു നല്‍കണമെന്ന ആവശ്യം സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് മുന്നോട്ടുവച്ചിരുന്നു.
എന്നാല്‍ ഈ നിര്‍ദേശം പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചില്ല. സിറ്റിംഗ് സീറ്റായ റാന്നി കേരള കോണ്‍ഗ്രസ് എമ്മിനു വിട്ടുകൊടുക്കേണ്ട എന്ന ആവശ്യവും സിപിഎം ജില്ലാ സെക്രട്ടേറിയറ്റിലുണ്ടായിരുന്നു. ജില്ലാ സെക്രട്ടേറിയറ്റിന്റെ രണ്ട് നിര്‍ദേശങ്ങളും സംസ്ഥാന സെക്രട്ടേറിയറ്റ് തള്ളുകയായിരുന്നു.
റാന്നിയില്‍ രാജു ഏബ്രഹാമിനുസീറ്റില്ലെങ്കില് പിഎസ്്സി അംഗം റോഷന് റോയി മാത്യുവിന്റെ പേര് സിപിഎം ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ സീറ്റിനുവേണ്ടിയുള്ള കേരള കോണ്‍ഗ്രസ് എമ്മിന്റെ അവകാശവാദം അംഗീകരിച്ച് റാന്നി വിട്ടുകൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. നാളെ കൂടുന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റിലും കമ്മിറ്റിയിലും അവതരിപ്പിക്കും.
അന്ന്…87 ൽ
പത്തനംതിട്ട ജില്ലയില്‍ സിപിഎം രണ്ട് സീറ്റിലേക്കൊതുങ്ങി. തിരുവല്ല ജനതാദള്‍ എസിനും അടൂരില്‍ സിപിഐയ്ക്കും നല്‍കിയിരിക്കുകയാണ്. 1987ലെ തെരഞ്ഞെടുപ്പ് മുതല്‍ സിപിഎമ്മാണ് റാന്നിയില്‍ മത്സരിച്ചുവരുന്നത്. ഇതില്‍ 1996 മുതലുള്ള അഞ്ച് തെരഞ്ഞെടുപ്പുകളും സിപിഎം വിജയിച്ചു.
1987നുശേഷമാണ് ഒരു കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി റാന്നിയില്‍ മത്സരിക്കാനെത്തുന്നത്. 1987ല്‍ യുഡിഎഫിലായിരുന്ന കേരള കോണ്‍ഗ്രസ് ജെയിലെ ഈപ്പന് വര്‍ഗീസാണ് റാന്നിയില്‍ വിജയിച്ച പാര്‍ട്ടി സ്ഥാനാര്‍ഥി. കേരള കോണ്‍ഗ്രസ് സ്ഥാപക നേതാക്കളിലൊരാളായ വയല ഇടിക്കുളയുടെ ആദ്യ തട്ടകമായിരുന്ന റാന്നിയില്‍ ഇ.എം. തോമസ്, പ്രഫ.കെ.എ. മാത്യു തുടങ്ങിയവരും മുമ്പ് വിജയിച്ചിട്ടുണ്ട്.
ഇപ്പോഴത്തെ റാന്നിയുടെ ഭാഗമായി പഴയ കല്ലൂപ്പാറയുടെ ഏതാനും പഞ്ചായത്തുകളുമുണ്ട്. കല്ലൂപ്പാറ മണ്ഡലം പഴയകാല കേരള കോണ്‍ഗ്രസ് തട്ടകവുമാണ്.കേരള കോണ്‍ഗ്രസ് എമ്മിനു ലഭിക്കുന്ന റാന്നി മണ്ഡലത്തില്‍ ജില്ലാ പ്രസിഡന്റ് എന്‍.എം. രാജുവിനാണ ്മുന്ഗണന. കേരള സംസ്കാരവേദി സംസ്ഥാന സെക്രട്ടറി മനോജ് മാത്യു, നിയോജകമണ്ഡലം പ്രസിഡന്റ് ആലിച്ചന്‍ ആറൊന്നില്‍ എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്.
പാര്‍ട്ടി സംസ്ഥാന നേതാക്കളായ സ്റ്റീഫന്‍ ജോര്‍ജ്, പ്രമോദ് നാരായണന് ഇവരുടെ റാന്നിയിലേക്ക് ലക്ഷ്യമിട്ടിട്ടുള്ളതായി പറയുന്നു. ജയസാധ്യത പ്രധാന ഘടകമായി സ്ഥാനാര്‍ഥി നിര്‍ണയം നടത്തണമെന്നാവശ്യം സിപിഎം മുന്നോട്ടുവയ്ക്കുമെന്ന് സൂചനയുണ്ട്.
കേരള കോണ്‍ഗ്രസിന് എല്ലായിടത്തും വേരോട്ടം, റാന്നി തന്നെ വേണമെന്നില്ല: എന്‍.എം. രാജു
പത്തനംതിട്ട: എല്‍ഡിഎഫ് അനുവദിച്ചാല്‍ ജില്ലയിലെ ഏതു മണ്ഡലത്തില്‍ മത്സരിക്കാനും കേരള കോണ്‍ഗ്രസ് -എം സജ്ജമാണെന്ന് ജില്ലാ പ്രസിഡന്റ് എന്‍.എം. രാജു. പത്തനംതിട്ടയില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്‍ഡിഎഫില്‍ കേരള കോണ്‍ഗ്രസിന് ഒരു മണ്ഡലം ലഭിക്കുമെന്നുറപ്പായിട്ടുണ്ട്. അതു റാന്നിയാകാം. എന്നാല്‍ ഇതേക്കുറിച്ച് പാര്‍ട്ടി ചെയര്മാന് അറിയിപ്പു നല്‍കിയിട്ടില്ല. അതിനാല്‍ തന്നെ സ്ഥാനാര്‍ഥിയുടെ കാര്യത്തിലും തീരുമാനവുമായിട്ടില്ല. സ്ഥാനാര്‍ഥിയെ പാര്‍ട്ടി ചെയര്മാന് തീരുമാനിക്കും.
എംഎല്‍എമാരാകാന്‍ യോഗ്യരായ നിരവധി നേതാക്കള്‍ പാര്‍ട്ടിയിലുണ്ട്. പാര്‍ട്ടിയുടെ ചുമതലക്കാര്‍ക്ക് അവസരം ലഭിക്കുന്നത് സ്വാഭാവികമാണ്. റാന്നിയില്യുഡിഎഫില് നിന്ന് ജോസഫ് ഗ്രൂപ്പ് മത്സരിക്കാനെത്തിയാല്‍ അതിനെയും സ്വാഗതം ചെയ്യും.
എല്‍ഡിഎഫ് ഒരു സ്ഥാനാര്‍ഥിയെ തീരുമാനിച്ചാല്‍ അത് ഒറ്റക്കെട്ടായ തീരുമാനമാകും. ഇക്കാര്യത്തില്‍ ഏതെങ്കിലും കക്ഷിക്ക് അഭിപ്രായവ്യത്യാസം ഉണ്ടാകില്ല. തുടര്‍ഭരണം സാധ്യമാക്കുകയാണ് എല്‍ഡിഎഫ് ലക്ഷ്യം. കേരള കോണ്‍ഗ്രസ് മുന്നണിയില്‍ വരുന്നതിനു മുമ്പേ ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും എല്‍ഡിഎഫ് ജയിച്ചിരുന്നു.
പാര്‍ട്ടിയുടെ വരവോടെ മുന്നണി കുറെക്കൂടി ശക്തമായെന്നും എല്ലാ മണ്ഡലങ്ങളും എല്‍ഡിഎഫിനൊപ്പം ആയിരിക്കുമെന്നും എന്‍.എം. രാജു പറഞ്ഞു.