കൊച്ചി: കൊച്ചിയുടെ ഗതാഗതകുരുക്കിനു ഒരുപരിധിവരെ ശമനം നല്കുന്ന പാലാരിവട്ടം മേല്‍പ്പാലത്തിലൂടെ നാളെ വാഹനങ്ങളോടും.പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളും ഭാരപരിശോധനയും പൂര്‍ത്തിയാക്കിയ പാലം ആഘോഷങ്ങളില്ലാതെയാണു തുറന്നുകൊടുക്കുക.
തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനില്ക്കുന്നതിനെത്തുടര്ന്നാണു ഉദ്ഘാടന മാമാങ്കം വേണ്ടെന്നുവച്ചത്. നാളെ വൈകിട്ട് നാലിനു നടക്കുന്ന ചടങ്ങില്‍ ദേശീയപാത വിഭാഗം ചീഫ് എന്‍ജിനീയറാകും പാലം ഗതാഗതത്തിനായി തുറന്ന് നല്‍കുക. തുടര്‍ന്നു മന്ത്രി ജി. സുധാകരനടക്കം പാലം സന്ദര്‍ശിക്കും.
കഴിഞ്ഞമാസം അവസാനമാണു പാലത്തില്‍ ഭാരപരിശോധന നടത്തിയത്. ഭാരം നിറച്ച ടിപ്പര്‍ ലോറികള്‍ 24 മണിക്കൂര്‍ പാലത്തില്‍ നിര്‍ത്തിയിട്ടായിരുന്നു പരിശോധനകള്‍.നിലവില്‍ പാലത്തിന്റെ മുഴുവന്‍ ജോലികളും തീര്‍ന്ന നിലയിലാണ്. കഴിഞ്ഞ സെപ്റ്റംബര്‍ 28നാണു പുനര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.
ജൂണ്‍ വരെയായിരുന്നു സംസ്ഥാന സര്‍ക്കാര്‍ പാലത്തിന്റെ പുനര്‍നിര്‍മാണത്തിന് അനുവദിച്ചിരുന്ന സമയമെങ്കിലും പ്രതീക്ഷിച്ചതിലും വേഗത്തില്‍ പണികള്‍ പൂര്‍ത്തിയായി.തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുന്നതിനുമുമ്പ് പാലം ഉദ്ഘാടനം നടത്താമെന്നായിരുന്നു സര്‍ക്കാരിന്റെ കണക്കുക്കൂട്ടല്‍.
ഡിഎംആര്‍സിയുടെ മേല്‍നോട്ടത്തില്‍, ഊരാളുങ്കല്‍ സൊസൈറ്റിയാണു പാലം പുനര്‍ നിര്‍മാണം റിക്കാര്‍ഡ് വേഗത്തില്‍ പൂര്‍ത്തിയാക്കിയത്. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണു പുനനിര്‍മാണം ആരംഭിച്ചത്.കഴിഞ്ഞ സെപ്റ്റംബര്‍ 28ന് പാലത്തിന്റെ ടാര്‍ നീക്കം ചെയ്യല്‍ ആരംഭിച്ചു.
പിന്നീട് ഒക്ടോബര്‍ ഏഴിന് പാലത്തിലെ ഗര്‍ഡറുകള്‍ പൊളിച്ചു നീക്കുന്ന ജോലികളും തുടങ്ങി.നിലവിലുണ്ടായിരുന്ന കണ്‍വന്‍ഷനല്‍ ഗര്‍ഡറുകള്‍ക്കു പകരം പ്രീ സ്ട്രെസ്ഡ് കോണ്‍ക്രീറ്റ് ഗര്ഡുകളാണു പാലത്തില്‍ സ്ഥാപിച്ചിട്ടുള്ളത്.
ദേശീയ പാതയില്‍ കുണ്ടന്നൂർ, വൈറ്റില മേല്‍പ്പാലങ്ങള്‍ കടന്നുവരുന്ന വാഹനങ്ങള്‍ പാലാരിവട്ടത്ത് കുരുക്കില്‍ പെടുക പതിവായിരുന്നു. പാലം തുറന്നുകൊടുക്കുന്നതോടെ കുരുക്കിന് അറുതിവരുമെന്നാണു അധികൃതരും കരുതുന്നത്.