ആലുവ: പെരിയാറിലെ കടവുകൾക്ക് സമീപം മലമ്പാമ്പുകളെ കാണുന്നതിൽ സമീപവാസികളിൽ ആശങ്ക.
യുസി കോളജിനു താഴെ കടുപ്പാടത്ത് ഇറിഗേഷൻ പബിങ്ങ് സ്റ്റേഷനിലെ വലിയ കുഴലുകൾക്കു സമീപമാണ് പ്രധാനമായും മലമ്പാമ്പുകളെ കാണുന്നത്.
ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ സമീപവാസി മലമ്പമ്പിനെ കണ്ടത്. ഓടിക്കൂടിയ നാട്ടുകാരെ കണ്ടതോടെ പാമ്പ് പുഴയുടെ ആഴങ്ങളിലേക്ക് കടന്നുകളഞ്ഞു. പാന്പിന് ഏകദേശം എട്ടടിയോളം നീളം കാണുമെന്ന് നാട്ടുകാർ പറയുന്നു.
പുഴയുടെ ഈ ഭാഗത്ത് അറവുമാലിന്യങ്ങൾ വന്ന് അടിഞ്ഞു കൂടുന്നതാണ് കടവുകളിലേക്ക് പാമ്പുകളെ ആകർഷിക്കുന്നത്. പ്രളയങ്ങൾക്ക് ശേഷം പെരിയാറിൽ മലന്പാമ്പുകൾ വർധിച്ചിരിക്കുകയാണ്.
മംഗലപ്പുഴ പാലത്തിൽ നിന്നും രാത്രിയുടെ മറവിൽ ദൂരെ സ്ഥലങ്ങളിൽ നിന്നുള്ള മാലിന്യങ്ങൾ പെരിയാറിലേക്ക് തള്ളുന്നത് മൂലം പെരിയാറിന്റെ തീരങ്ങളിൽ മാലിന്യങ്ങൾ വന്ന് അടിയുന്നത് പതിവായിരിക്കുകയാണ്.
മാലിന്യങ്ങൾ വന്ന് അടിഞ്ഞുകൂടുന്നതിനാൽ സമീപത്തെ പൊതുകുളിക്കടവുകളിൽ ഇറങ്ങാൻ പറ്റാത്ത അവസ്ഥയാണ് നിലവിലുള്ളത്. മലമ്പാമ്പിനെ കൂടി കണ്ടതോടെ നാട്ടുകാർ ഭീതിയിലാണ്.