കൊണ്ടോട്ടി: സ്വർണം ഒളിപ്പിച്ചെന്ന സംശയത്തിൽ കരിപ്പൂരിലെത്തിയ കർണാടക സ്വദേശിയായ യാത്രക്കാരന്റെ വില കൂടിയ വാച്ച് കസ്റ്റംസ് അടിച്ചു തകർത്തതായി പരാതി.
ഇതേക്കുറിച്ചു കരിപ്പൂർ പോലീസ് കേസെടുത്തു. വിഷയത്തിൽ മഞ്ചേരി മജിസ്ട്രേറ്റ് കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്യും.
കോടതിയുടെ അനുമതി ലഭിച്ചതിനു ശേഷമായിരിക്കും സംഭവം വിശദമായി പോലീസ് പരിശോധിക്കുക.
കഴിഞ്ഞ ദിവസം രാത്രി കസ്റ്റംസ് പരിശോധനയ്ക്കിടെയാണ് ദുബായിൽ നിന്നെത്തിയ കർണാടക ഭട്കൽ സ്വദേശി മുഹമ്മദ് ഇസ്മായിലിന്റെ 45 ലക്ഷത്തിലേറെ വിലയുളള വാച്ച് അടിച്ചുതകർത്തത്.
സ്വർണമുണ്ടെന്നു സംശയം പ്രകടിപ്പിച്ചാണ് വാച്ച് പരിശോധിക്കാനായി കസ്റ്റംസ് വാങ്ങിയത്.
വിശദമായ പരിശോധന നടത്തിയെങ്കിലും സ്വർണം കണ്ടെത്താനായില്ല. പിന്നീട് വാച്ച് തിരികെ നൽകുന്പോൾ ഉപയോഗിക്കാൻ സാധിക്കാത്ത രീതിയിൽ തകർന്നിരുന്നു.
ദുബായിലുളള സഹോദരനാണ് വാച്ച് ഇസ്മായിലിനു നൽകിയത്. പരിശോധന വേളയിൽ തന്നെ വില കൂടിയ വാച്ചാണെന്നു യാത്രക്കാരൻ കസ്റ്റംസ് ഉദ്യോഗസ്ഥരോടു പറഞ്ഞിരുന്നു.
ഇതേക്കുറിച്ചു അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു യാത്രക്കാരൻ കരിപ്പൂരിലെ കസ്റ്റംസ് വിഭാഗത്തിനും വിമാനത്താവള ഡയറക്ടർക്കും പരാതി നൽകിയിട്ടുണ്ട്.
സ്വർണമുണ്ടെന്ന സംശയത്തെ തുടർന്നു യാത്രക്കാരന്റെ സാന്നിധ്യത്തിലായിരുന്നു പരിശോധനയെന്നും വില കൂടിയ വാച്ചാണെന്ന വിവരം ധരിപ്പിച്ചില്ലെന്നും കസ്റ്റംസ് അധികൃതർ പറഞ്ഞു.