രാജകുമാരി: ഇതര സംസ്ഥാന തൊഴിലാളികൾ മദ്യപിച്ച് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി പരാതി. ശനി, ഞായർ ദിവസങ്ങളിലാണ് തൊഴിലാളികൾ റോഡിലിറങ്ങി മദ്യപിച്ച് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്.
സൗത്ത് ടൗണിൽനിന്ന് നോർത്തിലേക്ക് പോകുന്ന വഴിയരികിലാണ് സർക്കാർ മദ്യഷാപ്പുള്ളത്. ഇവിടെയെത്തി മദ്യം വാങ്ങി ഉപയോഗിച്ചശേഷം തമ്മിൽ സംഘട്ടനവും കലഹങ്ങളും സൃഷ്ടിക്കുകയാണ്.
അവധി ദിവസങ്ങൾ ഈ വഴിയും ടൗണും ഇവരെക്കൊണ്ട് നിറയുകയാണ് . കാൽനടയാത്രക്കാർക്കും വാഹനയാത്രികർക്കും തടസം സൃഷ്ടിച്ചുള്ള ഇവരുടെ പോരാട്ടങ്ങൾമൂലം പ്രദേശവാസികൾക്ക് വെളിയിലിറങ്ങാൻ കഴിയാത്ത സ്ഥിതിയാണെന്നും പറയുന്നു.
സൗത്ത് ടൗണിൽനിന്ന് നോർത്തിലേക്ക് പോകേണ്ട വാഹനങ്ങൾ പാർക്ക് ചെയ്യുന്നിടത്ത് നിരന്തരം സംഘർഷങ്ങൾ ഉണ്ടാകുന്നതിനാൽ സ്ത്രീകളും കുട്ടികളും അടക്കമുള്ളവർക്ക് വാഹനങ്ങൾ കാത്തുനിൽക്കുന്നത് സുരക്ഷിതമല്ലാത്ത അവസ്ഥയിലായിരിക്കുകയാണ്.
ടൗണിലും വഴിയോരങ്ങളിലുമെല്ലാം ഇരുന്ന് മദ്യപിച്ച് കുപ്പികൾ തല്ലിപ്പൊട്ടിക്കുകയും ചെയ്യുന്നത് മറ്റപകടങ്ങൾക്കും കാരണമാകുന്നുണ്ട്.
ടൗണിൽ പാർക്കുചെയ്തിരിക്കുന്ന ഇരുചക്രവാഹനങ്ങളിലേക്കും മറ്റും ഉന്തും തള്ളുമുണ്ടാക്കി വീണ് വാഹനങ്ങൾ മറിച്ചിട്ട് നാശനഷ്ടങ്ങൾ വരുത്തുന്നതും സ്ഥിരമായിരിക്കുകയാണ്.
ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.