പത്തനംതിട്ട: നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടിട്ടും എംഎൽഎ ആകാൻ കഴിയാതെ വന്നവരിൽ ജില്ലയിൽ രണ്ടുപേരുണ്ട്.
1965ലെ തെരഞ്ഞെടുപ്പിനേ തുടർന്നാണ് നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യാൻ കഴിയാതെ പോയത്.
ആർക്കും ഭൂരിപക്ഷം ലഭിക്കാതെ വന്നതോടെയാണ് നിയമസഭ രൂപീകരിച്ചെങ്കിലും അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്കുപോലും നിൽക്കാതെ പിരിച്ചുവിടുകയായിരുന്നു.
ആ തെരഞ്ഞെടുപ്പിൽ അടൂരിൽ നിന്നു വിജയിച്ച കെ.കെ. ഗോപാലൻ നായർക്കും റാന്നിയിൽ നിന്നു വിജയിച്ച ഇ.എം. തോമസിനുമാണ് എംഎൽഎമാരാകാൻ കഴിയാതെ പോയത്.
ഇരുവരും കേരള കോണ്ഗ്രസ് പ്രതിനിധികളുമായിരുന്നു. ഇ. ജോണ് ജേക്കബ് (തിരുവല്ല), ഡോ.കെ. ജോർജ് തോമസ് (കല്ലൂപ്പാറ), എൻ. ഭാസ്കരൻ നായർ (ആറന്മുള), പി.കെ. കുഞ്ഞച്ചൻ (പന്തളം), വയലാ ഇടിക്കുള (പത്തനംതിട്ട), പി.ജെ. തോമസ് (കോന്നി) എന്നിവർ 1965ൽ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഇവർക്കെല്ലാവർക്കും വീണ്ടും ഒരു അവസരം ലഭിക്കുകയോ മുന്പ് വിവിധ നിയമനിർമാണ സഭകളിൽ അംഗങ്ങളാകുകയും ചെയ്തതിനാൽ മുൻ എംഎൽഎ എന്ന സ്ഥാനം ഉണ്ടായിരുന്നു.