സ്വന്തം ലേഖകന്‍
കോഴിക്കോട്: കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും കേരളത്തിലെ ബിജെപിയിലെ മുതിര്‍ന്ന നേതാവുമായ വി. മുരളീധരന് നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നതില്‍ കേന്ദ്ര നേതൃത്വത്തിന് വിമുഖത.
സംസ്ഥാനത്ത് നൂറുശതമാനം വിജയം ഉറപ്പുനല്‍കാന്‍ കഴിയുന്ന സുരക്ഷിത മണ്ഡലമില്ലാത്തതാണ് കേന്ദ്ര സഹമന്ത്രിയെ മത്സരിപ്പിക്കുന്നതില്‍ നിന്നു ദേശീയ നേതൃത്വത്തെ പിന്തിരിപ്പിക്കുന്നത്.
നിലവിലെ സാഹചര്യത്തില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രി പരാജയപ്പെടുന്നത് സര്‍ക്കാരിന് തിരിച്ചടിയാകുമെന്ന വിലയിരുത്തലാണുള്ളത്.
മുരളീധരന്റെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട കാര്യം പൂര്‍ണമായും ദേശീയ നേതൃത്വം തീരുമാനിക്കട്ടെ എന്ന നിലപാടാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് ഉള്‍പ്പെടെയുള്ളവര്‍ക്കുള്ളത്. വി. മുരളീധരനും മത്സരിക്കാന്‍ താല്പര്യമില്ലെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്കുന്ന സൂചന.
ആവേശം ആള്ക്കൂട്ടമായില്ല
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് നയിച്ച വിജയയാത്ര ഇന്നലെ സമാപിച്ചപ്പോഴും പ്രതീക്ഷയ്ക്ക് വക നല്കുന്ന തരംഗം സംസ്ഥാനത്ത് ഉണ്ടായിട്ടില്ലെന്നാണ് കേന്ദ്രം വിലയിരുത്തുന്നത്.
ആവേശം ആള്ക്കൂട്ടമാക്കുന്നതില് സംഘടനാശേഷി പൂര്‍ണമായും വിനിയോഗിക്കപ്പെട്ടിട്ടില്ലെന്നാണ് വിലയിരുത്തല്‍. നിലവില്‍ കര്‍ഷകസമരവും ഇന്ധന വിലവര്‍ധനവും ഉള്‍പ്പെടെ കേന്ദ്രസര്‍ക്കാര്‍ പ്രതിരോധത്തിലായിരിക്കുന്ന സന്ദര്‍ഭത്തില്‍ കേന്ദ്രമന്ത്രി മത്സരിച്ച് പരാജയപ്പെടുന്നത് ക്ഷീണമാകുമെന്ന് നേതൃത്വം കരുതുന്നു.
തുടക്കത്തില്‍ പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കാനുള്ള താത്പര്യം പ്രകടമാക്കിയ മുരളീധരന് ഇപ്പോള്‍ എല്ലാം കേന്ദ്രം തീരുമാനിക്കട്ടെ എന്ന നിലപാടാണ് എടുത്തിരിക്കുന്നത്. കേരളത്തില്‍ നിന്നുള്ള ഏക സഹമന്ത്രി പ്രചാരണം നയിക്കട്ടെ എന്ന നിലപാടാണ് ഭൂരിഭാഗം നേതാക്കളും പ്രകടിപ്പിക്കുന്നത്.