ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ ഐക്യൂ പരിശോധനയ്ക്ക് എത്തുന്ന കുട്ടികൾക്ക് പരിശോധനകൾക്ക് ശേഷം വിശദമായ റിപ്പോർട്ട് നൽകുന്നില്ലെന്നു പരാതി.
റിപ്പോർട്ട് നൽകാത്തതിനാൽ ഫിസിയോതെറാപ്പി വേണ്ടതാണോ, എന്നു ചെയ്യണം തുടങ്ങിയ കാര്യങ്ങൾ അറിയാൻ കഴിയാതെ രക്ഷിതാക്കൾ വിഷമിക്കുന്നു. രാവിലെ എട്ടു മുതൽ ഉച്ചകഴിഞ്ഞ് മൂന്നുവരെയാണ് ബന്ധപ്പെട്ട ഡോക്ടറുടെ ഡ്യൂട്ടി സമയം.
എന്നാൽ വളരെ ചുരുങ്ങിയ മണിക്കൂർ മാത്രമേ ഡോക്ടർ ഡ്യൂട്ടി ചെയ്യുന്നുള്ളൂ എന്നും ആക്ഷേപമുണ്ട്. ആശുപത്രിയിൽ ഐക്യൂ പരിശോധനയ്ക്ക് എത്തുന്ന രോഗികൾക്ക് റിപ്പോർട്ട് നൽകുന്നില്ല. പകരം രോഗിയുടെ ബന്ധുക്കളെ ഡോക്ടറുടെ വീട്ടിൽ വിളിച്ചുവരുത്തി റിപ്പോർട്ട് നൽകുകയാണ് പതിവ്.
ഇതിന് കനത്ത ഫീസ് വാങ്ങുന്നുണ്ടെന്നും രക്ഷിതാക്കൾ പറയുന്നു. ഇതു ചൂഷണം ആണെന്നും അതിനാൽ കുട്ടികളുടെ ആശുപത്രിയിൽ ഐക്യൂ പരിശോധനയ്ക്ക് എത്തുന്ന കുട്ടികൾക്ക് വിശദമായ റിപ്പോർട്ട് ആശുപത്രിയിൽ നൽകുവാനും സർക്കാർ നിശ്ചയിച്ചിട്ടുള്ള സമയം വരെ ബന്ധപ്പെട്ട ഡോക്ടർ ഡ്യൂട്ടിയിലുണ്ടാകുന്നതിനുള്ള നടപടി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും രോഗികളായ കുട്ടികളുടെ രക്ഷിതാക്കൾ ആവശ്യപ്പെട്ടു.