വിഴിഞ്ഞം :വൻ മയക്കുമരുന്ന് ശേഖരവുമായി ഇന്ത്യൻസമുദ്രാതിർത്തി കടന്ന് കേരളതീരത്തെത്തിയ മൂന്ന് ശ്രീലങ്കന്‍ മത്സ്യബന്ധനബോട്ടുകൾ പിടികൂടിയ സംഭവത്തിന്റെ അന്വേഷണം നർക്കോട്ടിക് കൺട്രോൾ ബ്യൂറോയ്ക്ക്. വിഴിഞ്ഞം തീരദേശ പോലീസിനെ കേസ് ഏൽപ്പിക്കാൻ ശ്രമം നടന്നെങ്കിലും അന്താരാഷ്ട്ര സ്വഭാവമുള്ളതിനാൽ ഏറ്റെടുക്കാൻ പോലീസ് വിസമ്മതിച്ചു.
വിഴിഞ്ഞം തുറമുഖത്ത് സൂക്ഷിച്ചിരിക്കുന്ന ബോട്ടുകളുടെ സുരക്ഷയ്ക്കായി പോലീസ് കാവൽ ശക്തമാക്കി.അതിർത്തി കടന്നെത്തി സംശയാസ്പദമായ നിലയിൽ സഞ്ചരിക്കുകയായിരുന്ന അകർഷദുവ,ചാതുറാണി 03,ചാതുറാണി08 എന്നീ മത്സ്യബന്ധനബോട്ടുകളും അവയിലെ 19 ജീവനക്കാരെയുമാണ് കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 8 .45 ഓടെ മിനിക്കോയിക്ക് സമീപത്തായി കടലിൽ നിന്നും തീരസരക്ഷണ സേന പിടികൂടിയത്.
ഇതിൽ അകർഷദുവ എന്ന ബോട്ടിൽ 200 കിലോ ഹെറോയിനും , 60 കിലോ ഹാഷിഷും ആശയവിനിമയത്തിനായി നിരോധിത സാറ്റലൈറ്റ് ഫോണും ഉണ്ടായിരുന്നു. മയക്കുമരുന്നും സാറ്റലൈറ്റ് ഫോണും കടലില്‍ എറിഞ്ഞ് കളഞ്ഞെന്നും ബോട്ടിന്റെ ക്യാപ്റ്റന്‍ ചോദ്യം ചെയ്യലിൽ സമ്മതിച്ചതായും കോസ്റ്റ്ഗാര്‍ഡ് അധികൃതർ പറഞ്ഞു.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ തീരസംരക്ഷണ സേനയുടെ ഡോണിയർ വിമാനവും വരഹ എന്ന പട്രോൾ ബോട്ടും നിരീക്ഷണവും പട്രോളിംഗും നടത്തുന്നതിനിടെയാണ് സംശയാസ്പദമായ രീതിയിൽ ഇന്ത്യൻ അതിർത്തിക്കകത്ത് കൂടി സംഞ്ചരിക്കുന്ന മൂന്ന് ബോട്ടുകളും ശ്രദ്ധയിൽപ്പെട്ടത്.
ഡോണിയർ വിമാനം ശ്രദ്ധയിൽപെട്ട അകർഷദുവ ബോട്ടിലെ ക്യാപ്റ്റൻ സാറ്റലൈറ്റ് ഫോണുപയോഗിച്ച് മയക്കു മരുന്ന് കടത്തിന് ചുക്കാൻ പിടിച്ച് വിദേശത്ത് കഴിയുന്ന സഞ്ജയ് അണ്ണ എന്നയാളുമായി സംഭാഷണം നടത്തി.സംഭാഷണം പിടിച്ചെടുത്ത രഹസ്യാന്വേഷണ ഏജൻസികൾ തീരസംരക്ഷണ സേനയ്ക്ക് വിവരം കൈമാറി.
തുടർന്ന് ക്യാപ്റ്റൻ അജിത്കുമാർ പറബിന്റെ നേതൃത്വത്തിലുള്ള സേനയുടെ വരഹ പട്രോൾ ബോട്ടാണ് ശ്രീലങ്കൻ മത്സ്യബന്ധന ബോട്ടുകൾ പിടികൂടിയത് . തീരസംരക്ഷണ സേനയുടെ പിടിയിലാകുമെന്ന് ഉറപ്പായതോടെ അഞ്ചു പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന മയക്കുമരുന്നും ആശയ വിനമയത്തിന് ഉപയോഗിച്ചിരുന്ന നിരോധിത സാറ്റലൈറ്റ് ഫോണും ബോട്ടുകാർ കടലിൽ മുക്കികളയുകയായിരുന്നു.
ഇന്ത്യൻ അതിർത്തിയിൽ 417 നോട്ടിക്കൽ മൈൽ മാറി ഉൽക്കടലിൽവെച്ച് പാകിസ്ഥാൻ ബോട്ടാണ് തങ്ങൾക്ക് മയക്കുമരുന്ന് കൈമാറിയതെന്ന് പിടിയിലായ അകർഷദുവ ബോട്ടിന്റെ ക്യാപ്റ്റൻ നാർക്കോട്ടിക് കൺട്രോൾ ബോർഡ് അധികൃതർ നടത്തിയ ചോദ്യം ചെയ്യലിൽ വ്യക്തമാക്കിയിട്ടുണ്ട്.
ബോട്ടിൽ നിന്നും മയക്കുമരുന്നൊന്നും കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലും സാറ്റലൈറ്റ് ഫോണിന്റെ ചാർജർ കണ്ടെടുക്കാനായി. ചോദ്യം ചെയ്യലിൽ മയക്കുമരുന്ന് കടത്തുകയായിരുന്നുവെന്ന് ബോട്ടിന്റെ ക്യാപ്റ്റൻ സമ്മതിച്ചതായും അധികൃതർ പറയുന്നു.
മറ്റ് രണ്ട് ബോട്ടുകളിൽ 3500 കിലോ മത്സ്യം മാത്രമാണ് കണ്ടെടുക്കാനായതെന്നും മയക്കുമരുന്ന് കടത്തിൽ തങ്ങൾക്ക് പങ്കില്ലെന്നാണ് ഇവർ വാദിക്കുന്നതെന്നും തീരസംരക്ഷണ സേനാധികൃതർ അറിയിച്ചു. പിടികൂടിയ ശ്രീലങ്കൻ ബോട്ടുകളെയും ജീവനക്കാരെയും ഇന്നലെ രാവിലെ വിഴിഞ്ഞത്തെത്തിച്ച് ചോദ്യം ചെയ്തു വരികയാണ്.
തീരസംരക്ഷണസേന, ഐ.ബി, നാർക്കോട്ടിക് കൺട്രോൾബോർഡ് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ വിശദമായ പരിശോധനയും ചോദ്യം ചെയ്യലും തുടരുന്നു. കൊച്ചി, മധുര,ചെന്നൈ, ബംഗളുരു എന്നിവിടങ്ങളിൽ നിന്നുള്ള നാർക്കോട്ടിക് സെൽ ,ഐ.ബി ഉദ്യോഗസ്ഥർ വിഴിഞ്ഞത്തെത്തിയിട്ടുണ്ട്. ബോട്ടുകളുടെ അടിഭാഗത്തുൾപ്പടെ രഹസ്യ അറകൾ ഉണ്ടോ എന്ന് പരിശോധിക്കാൻ കൊച്ചിയിൽ നിന്ന് മുള്ള മുങ്ങൽ വിദഗ്ധരെയും വിഴിഞ്ഞത്തെത്തിച്ചിട്ടുണ്ട്