തിരുവനന്തപുരം: അവസാനവട്ട ഒരുക്കങ്ങൾ പൂർത്തിയാക്കി എസ്എസ്എൽസി, പ്ലസ്ടു, വിഎച്ച്എസ്ഇ വാർഷിക പരീക്ഷയ്ക്കായി കാത്തിരിക്കുന്ന വിദ്യാർഥികളെ ആശങ്കയിലാക്കി അവ്യക്തത തുടരുന്നു.
മോഡൽ പരീക്ഷ എഴുതി വിദ്യാർഥികൾ നിലവിലെ പരീക്ഷാ കലണ്ടർ പ്രകാരം ഈ മാസം 17 മുതൽ നടക്കേണ്ട വാർഷിക പരീക്ഷയ്ക്കായി തയാറെടുപ്പ് പൂർത്തിയാക്കിയിരുന്നു.
എന്നാൽ, പരീക്ഷ മാറ്റാൻ അനുമതി നല്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കയാണ് സംസ്ഥാന സർക്കാർ.
അധ്യാപകർക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടികൾ ഉള്ളതിനാൽ പരീക്ഷ മാറ്റിവയ്ക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത് സിപിഎമ്മിന്റെ അധ്യാപക സംഘടനയായ കെഎസ്ടിഎ ആണ്.
മാർച്ച് ഒന്നിനാണ് ഇതു സംബന്ധിച്ചുള്ള നിവേദനം അധ്യാപക സംഘടന സർക്കാരിന് കൈമാറിയത്.
വിദ്യാഭ്യാസ വകുപ്പ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളാനായി മുഖ്യമന്ത്രിയെ സമീപിച്ചത് കഴിഞ്ഞ അഞ്ചിന്.
പെരുമാറ്റച്ചട്ടം നിലനില്ക്കുന്ന പശ്ചാത്തലത്തിൽ പരീക്ഷ മാറ്റിവയ്ക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനും.
സർക്കാർ ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയിൽ പെടുത്തിയത് ഇന്നലെയും. കമ്മീഷൻ തീരുമാനം കൈക്കൊണ്ടാൽ മാത്രമേ ഇനി പരീക്ഷയുടെ കാര്യത്തിൽ വ്യക്തത വരുകയുള്ളു.
പരീക്ഷ മാറ്റിവയ്ക്കുന്നത് ഉചിതമല്ലെന്ന നിലപാടിലായിരുന്നു പ്രതിപക്ഷ അധ്യാപക സംഘടനകൾ. അവർ ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുകയും ചെയ്തു.
മോഡൽ പരീക്ഷ പൂർത്തിയായ ശേഷവും വാർഷിക പരീക്ഷ മാറ്റിവയ്ക്കുന്നത് കുട്ടികൾക്ക് അധിക സമ്മർദമുണ്ടാക്കുമെന്നും പരീക്ഷകൾ മാർച്ച് 31 നു പൂർത്തിയാകുന്നതിനാൽ തെരഞ്ഞെടുപ്പിനെ ഒരു തരത്തിലും ബാധിക്കില്ലെന്നുമാണ് പ്രതിപക്ഷ അധ്യാപക സംഘടനകളുടെ നിലപാട്.
നിയമസഭാ തെരഞ്ഞെടുപ്പിനു മുന്പേ പരീക്ഷകൾ പൂർത്തിയാക്കണമെന്നായിരുന്നു ആദ്യം സംസ്ഥാന സർക്കാരിന്റെ നിലപാട്.
പരീക്ഷ മാറ്റിവയ്ക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നല്കിയാൽ തന്നെ തെരഞ്ഞെടുപ്പിനുശേഷം എപ്പോൾ പരീക്ഷ നടത്തുമെന്ന ചോദ്യവും ഉയരുന്നു.
പഞ്ചായത്ത് തെരഞ്ഞെടുപ്പിനുശേഷം കോവിഡ് നിരക്ക് വർധിച്ചിരുന്നു. അതേ പോലെ തന്നെ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷവും കോവിഡ് വ്യാപനമുണ്ടായാൽ പരീക്ഷ നടത്തിപ്പിനെ ബാധിക്കും.
ഏപ്രിൽ രണ്ടാം വാരം റംസാൻ വ്രതവും ആരംഭിക്കും. ആ സമയത്ത് പരീക്ഷ നടത്തരുതെന്ന വാദവും ഒരു ഭാഗത്തുനിന്ന് ഉയരുന്നുണ്ട്.
പരീക്ഷകൾ മാറ്റിവച്ചാൽ പിന്നെ ഏപ്രിലിലോ മേയിലോ ആവും പരീക്ഷ നടക്കാൻ സാധ്യത.