കൊച്ചി: ഡോളര്‍ കടത്ത് കേസില്‍ സ്വപ്ന സുരേഷിന്റെ മൊഴിയുടെ വെളിച്ചത്തില്‍ ഉന്നതര്‍ ഉള്‍പ്പെടെയുള്ളവരുടെ ലിസ്റ്റ് തയാറാക്കി കസ്റ്റംസ് ചോദ്യം ചെയ്യൽ ആരംഭിച്ചു.
ഇന്നലെ തിരുവനന്തപുരം കരമന സ്വദേശിനിയായ അഭിഭാഷക ദിവ്യയെ കസ്റ്റംസ് ചോദ്യം ചെയ്തു.
സ്വര്‍ണക്കടത്ത് കേസിലെയും ഡോളര്‍കടത്ത് കേസിലെയും പ്രതികളായ സ്വപ്ന സുരേഷുമായും സരിത്തുമായും ദിവ്യ നിരന്തരം ബന്ധപ്പെടുകയും ഇരുവര്‍ക്കും വേണ്ട സഹായം ചെയ്തുവെന്നുമുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. കൈക്കുഞ്ഞുമായാണ് ദിവ്യ കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഹാജരായത്.
അതേസമയം മൊബൈല്‍ ഫോണും സിം കാര്‍ഡും ബാങ്ക് വിവരങ്ങളും ഹാജരാക്കാനാണ് കസ്റ്റംസ് നിര്‍ദേശിച്ചതെന്ന് അവരുടെ ഭര്‍ത്താവ് അഡ്വ. അനൂപ് മാധ്യമങ്ങളോട് പ്രതികരിച്ചു.
ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട് തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു.
ചോദ്യം ചെയ്യല്‍ പരമ്പരയില്‍ ലിസ്റ്റ് തയാറാക്കിയാണ് കസ്റ്റംസ് ഉന്നതരെ വിളിക്കുന്നത്. നാളെ സിപിഎം പോളിറ്റ്ബ്യൂറോ മെംബര്‍ കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്, 12 ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന് തുടര്‍ന്നു മൂന്നു മന്ത്രിമാര്‍, മന്ത്രിപുത്രന്മാര്, ഉന്നത ഉദ്യോഗസ്ഥര്‍ ഇങ്ങനെ നീളുന്നു ലിസ്റ്റ്.