സ്വന്തം ലേഖകൻ
ന്യൂഡൽഹി: കോവിഡ് പ്രതിസന്ധി അവസാനിക്കാറായെന്നു പ്രചരിപ്പിക്കുന്ന കേന്ദ്ര, സംസ്ഥാന മന്ത്രിമാർക്കെതിരേ ശക്തമായ മുന്നറിയിപ്പു നൽകി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ.
കോവിഡ് പ്രതിസന്ധി അവസാനിച്ചു കൊണ്ടിരിക്കുന്നു എന്നാണു കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹർഷ വർധൻ ഞായറാഴ്ച പറഞ്ഞത്.
ഡൽഹിയിൽ കോവിഡ് പ്രതിസന്ധി അവസാനത്തോട് അടുത്തു കൊണ്ടിരിക്കുകയാണെന്ന് ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജയിനും പറഞ്ഞിരുന്നു.
ഇതിനെതിരേയാണ് ശക്തമായ ഭാഷയിൽ ഐഎംഎ മുന്നറിയിപ്പ് നൽകിയത്. വെറുതെ കാഹളമൂതി വീരവാദം മുഴക്കി നടക്കരുതെന്നാണ് ഐഎംഎ മുന്നറിയിപ്പ് നൽകിയത്.
രാഷ്ട്രീയക്കാരും സർക്കാരും തെറ്റായ പ്രസ്താവനകൾ പ്രചരിപ്പിക്കുന്നതിൽ നിന്നു വിട്ടു നിൽക്കണമെന്നാണ് ഐഎംഎ ആവശ്യപ്പെട്ടത്.
കോവിഡ് പ്രതിസന്ധി അവസാനിക്കാറായി എന്ന തരത്തിൽ രാഷ്ട്രീയ ഇടനാഴികളിൽ ചർച്ച നടത്തുന്നത് വേദനാജനകമാണ്.
ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ ലോകാരോഗ്യ സംഘടനയും ഐസിഎംആറും ആണ് ഇക്കാര്യത്തിൽ അഭിപ്രായം പറയേണ്ടതെന്നും ഐഎംഎ പ്രസ്താവനയിൽ വ്യക്തമാക്കി.
കോവിഡ് ബാധിച്ച് 740 മുൻനിര പ്രവർത്തകരാണ് ഇതുവരെ മരിച്ചത്. ജനങ്ങൾ സാമൂഹ്യ അകലം പാലിക്കാനും മാസ്ക് ധരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം.
വിവിധ സംസ്ഥാനങ്ങളിലായി കഴിഞ്ഞ ആഴ്ചകളിൽ കോവിഡ് ബാധിതരുടെ എണ്ണം 35 മുതൽ 45 ശതമാനം വർധിച്ചിട്ടുണ്ട്. ഡൽഹിയിൽ രോഗികളുടെ എണ്ണത്തിൽ 100 നിന്നും 140 വരെ വർധനവുണ്ട്.