സ്വർണത്തോട് ആളുകൾക്ക് എന്നും ഭ്രമമാണ്. അതുകൊണ്ടാണ് സ്വർണവില പലപ്പോഴും റിക്കാർഡ് ഇടുന്നതും.
ഇത്രയും വിലയുള്ള സാധനം ചുമ്മ കിട്ടുമെന്നറിഞ്ഞാൽ ആളുകൾ വെറുതേയിരിക്കുമോ? കൂടും കുടുക്കയുമായി ആളുകൾ അങ്ങോട്ട് പായും.
ഇതേ സംഭവം തന്നെയാണ് കോംഗോയിലെ തെക്കൻ കിവു പ്രവിശ്യയിലും സംഭവിച്ചത്.
ഇവിടുത്തെ ലുഹീഹി മലനിരകളിലാണ് വൻ തോതിൽ സ്വർണ നിക്ഷേപം കണ്ടെത്തിയെന്ന വാർത്ത പരന്നത്.
ഇതേ തുടർന്ന് ഗ്രാമവാസികൾ ഇവിടേക്ക് ഒഴുകിയെത്തുകയായിരുന്നു. മലനിരകളിൽ മുഴുവൻ സ്വർണ നിക്ഷേപമുണ്ടെന്നാണ് ജനങ്ങളുടെ കണ്ടെത്തൽ.
ആയുധങ്ങൾ ഉപയോഗിച്ച് കുഴിക്കുന്നവരെയും വെറും കൈകൊണ്ട് മണ്ണ് ശേഖരിക്കുന്നവരെയും ഇവിടെ കാണാം.
നിന്നുതിരിയാൻ സ്ഥലമില്ലാത്തതുപോലെ അത്രയും ആളുകളാണ് അവിടേക്ക് ഒഴുകിയെത്തിയത്.
ജനങ്ങളുടെ തിരക്ക് അനിയന്ത്രിതമായതിനെ തുടർന്ന് കിവുവിലെ ഖനിമന്ത്രി ഖനനം നിരോധിച്ചുകൊണ്ടുളള ഉത്തരവിറക്കി. പക്ഷെ ഫലമുണ്ടായില്ല, ആളുകളാണ് ഇവിടേക്ക് ഇപ്പോഴും ഒഴുകിയെത്തുകയാണ്.
ഗ്രാമവാസികൾ മലനിരകളിൽ നിന്ന് മണ്ണ് ശേഖരിക്കുന്നതിന്റെയും അതുകഴുകിയെടുത്ത് തിളങ്ങുന്ന വസ്തു പാത്രത്തിൽ ശേഖരിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
എന്നാൽ ഇത് ശരിക്കും സ്വർണമാണോ എന്ന കാര്യം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
പത്രപ്രവർത്തകനായ അഹ്മദ് അൽഗോഹ്ബാരിയാണ് ഗ്രാമവാസികൾ മണ്ണ്ശേഖരിക്കുന്ന ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്.
വജ്രം, ധാതുക്കൾ എന്നിവപോലുള്ള പ്രകൃതിദത്ത നിക്ഷേപങ്ങൾ കോംഗോയിൽ ധാരാളമായുണ്ട്.