കോട്ടയം: സ്ഥാനാർഥി നിർണയം അവസാന ഘട്ടത്തിലേക്കു കടന്നതോടെ പല നിയോജക മണ്ഡലങ്ങളിലും പട്ടികയിൽ കടന്നുകയറാൻ തിരക്കിട്ട ശ്രമം.
സ്ഥാനാർഥിത്വം കിട്ടിയില്ലെങ്കിലും സ്ഥാനാർഥിയായി പരിഗണിക്കപ്പെടുന്നവരുടെ പട്ടികയിലെങ്കിലും കയറിക്കൂടാനാണ് പലരുടേയും ശ്രമം.
ഭാവിയിലേക്കുള്ള നിക്ഷേപം
ഇത്തവണ സ്ഥാർഥിത്വം കിട്ടിയില്ലെങ്കിലും ഭാവിയിൽ അതു പ്രയോജനപ്പെടുമെന്ന വിലയിരുത്തലിലാണ് ഈ പരക്കംപാച്ചിൽ.
അന്പലപ്പുഴ നിയോജക മണ്ഡലത്തിൽ യുഡിഎഫ് പട്ടികയിൽ കടന്നുകയറാനും കോൺഗ്രസിലെ പലരും രംഗത്തുണ്ട്.
കരിമണൽ ലോബിയുടെ അടുപ്പക്കാർ പോലും ഇങ്ങനെ ഇടിച്ചു നിൽക്കുന്നുണ്ടെന്നാണ് മണ്ഡലത്തിലെ വർത്തമാനം.
മുൻ എംഎൽഎമാരിൽ ചിലർ സ്ഥാനാർഥിത്വം ഏതാണ്ട് ഉറപ്പിച്ച മട്ടിൽ രംഗത്തുണ്ട്. അതിനൊപ്പമാണ് മറ്റു ചിലരും ഇടിക്കുന്നത്. ഇതിൽ യുവാക്കൾ അടക്കമുള്ളവരുണ്ട്.
ഇത്തവണ യുവാക്കളെ കാര്യമായി പരിഗണിക്കുമെന്ന തീരുമാനത്തിന്റെ പിൻബലത്തിൽ എങ്ങനെയും പട്ടികയിൽ കയറിക്കൂടാനുള്ള നീക്കമാണ് ഇവരിലിൽ ചിലർ നടത്തുന്നത്.
ചരടുവലികൾ സജീവം
എന്നാൽ, ഇങ്ങനെ രംഗത്തുള്ളവരെ ഒതുക്കാൻ കോൺഗ്രസ് പാർട്ടിയിലുള്ള മറുവിഭാഗവും ചരടുവലികൾ നടത്തുന്നുണ്ട്.
ഒരു മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന നേതാവിന്റെ അടുപ്പക്കാരൻ സ്ഥാനാർഥിത്വത്തിനു വേണ്ടി കിണഞ്ഞു ശ്രമിക്കുന്നുണ്ടെന്നു കോൺഗ്രസ് വൃത്തങ്ങൾ തന്നെ പറയുന്നു.
കരിമണൽ സമരമുഖത്തു തുടക്കത്തിൽ സജീവമായിരുന്ന ഇദ്ദേഹം പിന്നീടു വിട്ടു നിന്നത് എതിരാളികൾ ആയുധമാക്കിയിട്ടുണ്ട്.
കരിമണൽ ലോബിയുമായി അടുപ്പമുള്ളതിനാലാണ് ഇദ്ദേഹം വിട്ടുനിന്നതെന്നാണ് എതിർപക്ഷത്തിന്റെ ആരോപണം.
തദ്ദേശ തെരഞ്ഞെടുപ്പിൽ ഒരു വനിതാ ജില്ലാ നേതാവിനെ പരാജയപ്പെടുത്താൻ രാഷ്ട്രീയ എതിരാളികൾക്കൊപ്പം നിന്നെന്ന ആരോപണവും ഒരു വിഭാഗം ഉയർത്തുന്നു.
വനിതാ നേതാവ് കളം പിടിച്ചു ഭാവിയിൽ നിയമസഭാ സീറ്റിന് അവകാശവാദം ഉന്നയിക്കാതിരിക്കാൻ തോല്പിച്ചതാണെന്ന ആരോപണവും എതിർക്കുന്നവർ ഉന്നയിക്കുന്നു.
അതേസമയം, ഇതെല്ലാം എതിരാളികൾതന്നെ ഒതുക്കാൻ ഉയർത്തുന്ന ആരോപണങ്ങൾ മാത്രമാണെന്ന നിലപാടിലാണ് യുവനേതാവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ.