റെനീഷ് മാത്യു
കണ്ണൂർ: കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ സീനിയേഴ്സിനു വേണ്ടി ഉമ്മൻചാണ്ടിയും ജൂണിയേഴ്സിനു വേണ്ടി ഷാഫിയും ശബരിനാഥും.
കോൺഗ്രസ് സ്ഥാനാർഥി പട്ടിക നാളെ പുറത്തുവിടാൻ ഇരിക്കവെയാണ് ഉമ്മൻചാണ്ടി രംഗത്ത് എത്തിയിരിക്കുന്നത്.
കെ.ബാബുവിനും കെ.സി.ജോസഫിനും സീറ്റ് നല്കണമെന്നാണ് ഉമ്മൻചാണ്ടി എഐസിസി നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്.
ബാബുവിനു വേണ്ടി തൃപ്പൂണിത്തുറ സീറ്റും കെ.സി. ജോസഫിനു വേണ്ടി കാഞ്ഞിരപ്പള്ളി സീറ്റുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
തൃപ്പൂണിത്തുറയിൽ ബാബുവിനെ നിർത്തിയാൽ ജയിക്കുമെന്നാണ് ഉമ്മൻചാണ്ടി നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്.
കെ.സി. ജോസഫ് ഇരിക്കൂറിൽ മത്സരിക്കുന്നില്ലെന്ന് അറിയിച്ചിരുന്നു. എന്നാൽ, കെ.സി.ജോസഫിന് കാഞ്ഞിരപ്പള്ളിയിൽ സീറ്റ് നല്കണമെന്നാണ് ഉമ്മൻചാണ്ടി ആവശ്യപ്പെടുന്നത്.
യൂത്ത് കോൺഗ്രസ് പട്ടിക വെട്ടി നിരത്തി സീനിയേഴ്സിനെ തിരുകികയറ്റുന്നതിനെതിരേ ഷാഫി പറന്പിലും ശബരിനാഥും രംഗത്ത് എത്തിയിട്ടുണ്ട്.
കെ.സി. ജോസഫും കെ.ബാബുവും മത്സരിക്കുന്നതിനെതിരേ യൂത്ത് കോൺഗ്രസിലും പ്രതിഷേധം ഉണ്ട്.
16 പേരുടെ പട്ടിക സമർപ്പിച്ചതിൽ പകുതിപേരെ പോലും സ്ഥാനാർഥി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് യൂത്ത് കോൺഗ്രസ് നേതാക്കൾ പറയുന്നത്.
രാഹുൽ ഗാന്ധിയും യൂത്ത് കോൺഗ്രസ് പട്ടിക വെട്ടിനിരത്തിയതിനെതിരേ രംഗത്ത് എത്തിയിട്ടുണ്ട്. കോൺഗ്രസിലെ സീനിയേഴ്സും ജൂണിയേഴ്സും തമ്മിലുള്ള തർക്കം സ്ഥാനാർഥി പട്ടിക പ്രഖ്യാപനം നീളാൻ സാധ്യതയുണ്ട്.