പത്തനംതിട്ട: യുഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണയം അന്തിമഘട്ടത്തിലേക്കു കടക്കവേ കോന്നിയില്‍ റോബിന് പീറ്റര്‍ തന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായേക്കും.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപട്ടികയെ സംബന്ധിച്ച സ്ക്രീനിംഗ് കമ്മിറ്റി തീരുമാനം പുറത്തുവരാനിരിക്കേ കോന്നിയില്‍ പരിഗണിക്കപ്പെട്ട പേരുകളില്‍ പ്രഥമ സ്ഥാനം റോബിന് പീറ്റര്‍ക്കു തന്നെയാണ്.
കോന്നിയുടെ മുന്‍ എംഎല്‍എ അടൂര്‍ പ്രകാശ് നിര്‍ദേശിച്ച പേരാണ് റോബിന് പീറ്ററിന്റേത്. റോബിന്റെ പേര് അടൂര്‍ പ്രകാശ് നിര്ദേശിച്ചതിനെച്ചൊല്ലി പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായ ഭിന്നത ഉണ്ടായിരുന്നു.
ഇതിനെ മറികടന്ന് റോബിന് പേര് സംസ്ഥാന സ്ക്രീനിംഗ് കമ്മിറ്റി മുമ്പാകെ അദ്ദേഹം വച്ചിട്ടുണ്ട്. മറ്റു ശക്തമായ പേരുകള്‍ മണ്ഡലത്തിലേക്ക് ഇല്ലെന്നതും റോബിന് തുണയാകുന്നു.
ആറന്മുള
കോണ്‍ഗ്രസ് മത്സരിക്കുന്ന മറ്റു മണ്ഡലങ്ങളില്‍ ഒന്നിലധികം പേരുകള്‍ പരിഗണനയിലുണ്ട്. ആറന്മുളയില് കെ. ശിവദാസന്‍ നായര്‍, പി. മോഹന്‍രാജ്, പഴകുളം മധു എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. ജില്ലയ്ക്കു പുറത്തുനിന്നുള്ള മറ്റു ചില പേരുകള്‍ കൂടി മണ്ഡലത്തിലേക്ക് പരിഗണിച്ചിരുന്നു.
റാന്നി
റാന്നിയില്‍ റിങ്കു ചെറിയാന്, കെ. ജയവര്‍മ, സതീഷ് കൊച്ചുപറമ്പില്‍, അനിത അനില്‍ കുമാര്‍ എന്നിവരാണ് പരിഗണനയില്‍.
റാന്നി മണ്ഡലവുമായി ബന്ധപ്പെട്ട് എല്‍ഡിഎഫില്‍ ഉരുത്തിരിഞ്ഞ രാഷ്ട്രീയസാഹചര്യം കൂടി പരിഗണിച്ചാകും സ്ഥാനാര്‍ഥി നിര്‍ണയം.
അടൂർ
അടൂര്‍ സംവരണ മണ്ഡലത്തില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജി. കണ്ണന്, ജില്ലാ പഞ്ചായത്തംഗം അജോമോന്‍, നഗരസഭ മുന്‍ ചെയര്മാന് ബാബു ദിവാകരന് എന്നിവരുടെ പേരുകള്‍ പരിഗണനയിലുണ്ട്.
ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ്, കെപിസിസി നിര്‍വാഹകസമിതിയംഗം ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍ എന്നിവരുടെ പേരുകള്‍ വിവിധ മണ്ഡലങ്ങളില്‍ പരിഗണനയിലുണ്ട്.
തിരുവല്ല
കേരള കോണ്‍ഗ്രസ് ജോസഫിനു നല്‍കിയിട്ടുള്ള തിരുവല്ല മണ്ഡലത്തില്‍ കുഞ്ഞുകോശി പോള്‍, വര്‍ഗീസ് മാമ്മന്‍, ജോസഫ് എം.പുതുശേരി എന്നിവരുടെ പേരുകളാണ് പരിഗണനയില്‍.
തിരുവല്ല, റാന്നി സീറ്റുകളുടെ വച്ചുമാറ്റം അവസാനഘട്ട ചര്‍ച്ചയിലും ചില കോണ്‍ഗ്രസ് നേതാക്കള്‍ മുന്നോട്ടുവച്ചിട്ടുണ്ട്. എന്നാല്‍ ഇതു സാധ്യമല്ലെന് നിലപാടിലാണ ്പി.ജെ. ജോസഫ്.
ജില്ലയിലെ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് സാമുദായിക, ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ചില നീക്കുപോക്കുകള്‍ വേണ്ടിവരുമെന്ന നിലപാട് കോണ്‍ഗ്രസ് നേതാക്കള്‍ക്കുണ്ട്.
ജയസാധ്യത പരിഗണിച്ചാകണം ഇത്തരം നീക്കുപോക്കുകളെന്ന നിര്‍ദേശം എഐസിസി ഭാരവാഹികളും വ്യക്തമാക്കി.