കോതമംഗലം: അയിരൂർപ്പാടത്ത് തോട്ടിൽ വീട്ടമ്മയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം.
ഇവർ ധരിച്ചിരുന്ന പത്ത് പവനോളം ആഭരണം കാണാതായതാണ് സംശയത്തിനിടയാക്കിയത്. അയിരൂർപ്പാടം പാണ്ട്യാർപ്പിള്ളിൽ പരേതനായ അബ്ദുൾഖാദറിന്റെ ഭാര്യ ആമിനയെ (66) ഞായറാഴ്ച ഉച്ചയ്ക്കാണ് മരിച്ചനിലയിൽ കണ്ടത്.
പാടത്ത് പുല്ലരിയാൻ പോയ ഇവരെ ഏറെ നേരമായിട്ടും കാണാതായപ്പോൾ നടത്തിയ അന്വേഷണത്തിലാണ് തോട്ടിൽ മരിച്ചുകിടക്കുന്നത് കണ്ടത്.
ബലം പ്രയോഗിച്ചുള്ള മുങ്ങിമരണമാണെന്നാണ് കോട്ടയം മെഡി. കോളജിൽ തിങ്കളാഴ്ച നടത്തിയ പോസ്റ്റ് മോർട്ടത്തിന്റെ പ്രാഥമിക റിപ്പോർട്ടിലുള്ളത്.
ഇന്നലെ ഫോറൻസിക് സംഘവും വിരലടയാളവിദഗ്ധരും മൃതദേഹവും ആമിന മരിച്ചുകിടന്ന സ്ഥലവും വിശദമായി പരിശോധിച്ചു. ആലുവ ഡോഗ് സ്ക്വാഡിലെ റൂണിയെ തെളിവെടുപ്പിനായി എത്തിച്ചു.
മൂവാറ്റുപുഴ ഡിവൈഎസ്പിയും സ്ഥലത്തെത്തിയിരുന്നു. കോതമംഗലം സ്റ്റേഷൻ ഓഫീസർ ബി.അനിലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സ്ഥലത്തെത്തി ബന്ധുക്കളുടെ ഉൾപ്പെടെ മൊഴി ശേഖരിച്ചിട്ടുണ്ട്.
സ്വാഭാവിക മരണമെന്ന നിഗമനത്തിൽ മൃതദേഹം സംസ്കരിക്കാനുള്ള ഒരുക്കങ്ങൾ നടത്തുന്നതിനിടെയാണ് മക്കൾ ആഭരണങ്ങൾ നഷ്ടപ്പെട്ടതായി കണ്ടെത്തിയത്.
കമ്മലിന്റെ ചെറിയൊരുഭാഗം മാത്രമേ ചെവിയിൽ ഉണ്ടായിരുന്നുള്ളു. വർഷങ്ങളായി ആമിന ധരിച്ചിരുന്ന വളകൾ എളുപ്പത്തിൽ ഊരിയെടുക്കാൻ കഴിയുന്നവയല്ലെന്നും ബന്ധുക്കൾ മൊഴി നൽകിയിട്ടുണ്ട്.
ആമിനയുടെ മൃതദേഹം കിടന്നതിന്റെ ഏതാനും മീറ്റർ മാറിയാണ് പുല്ലുകെട്ട് കിടന്നിരുന്നത്.