തൃപ്പൂണിത്തുറ: നിർമാണം നടക്കുന്ന മെട്രോയുടെ തൂണിന്റെ മുകളിൽനിന്നും നിർമാണാവശിഷ്ടങ്ങൾ വീണ് ഓടിക്കൊണ്ടിരുന്ന കാറിന്റെ ചില്ല് തകർന്നു.
എറണാകുളം ടി.ഡി. റോഡിലെ വിനായക് ഫാർമ ഉടമ കെ.എൻ. മുരളീധരന്റെ (62) കാറിന്റെ ചില്ലാണ് തകർന്നത്.
ഇന്നലെ രാത്രി 7.30ഓടെ പുത്തൻകുരിശിലുള്ള വീട്ടിലേക്ക് പോകുകയായിരുന്ന മുരളീധരന്റെ കാറിനു മുകളിലേക്ക് പുതിയ പേട്ട പനങ്കുറ്റി പാലത്തിന്റെ ഇറക്കത്തിൽ വച്ചാണ് കല്ല് പോലെയുള്ള വസ്തു വീണത്.
ഗതാഗതക്കുരുക്കുണ്ടായിരുന്നതു കൊണ്ട് കാർ അവിടെനിന്നും നീക്കി മെട്രോ അധികൃതരെ വിവരമറിയിച്ചപ്പോൾ സെക്യൂരിറ്റി ഓഫീസർ പറഞ്ഞത് പുറത്ത് നിന്നാരെങ്കിലും കല്ലെറിഞ്ഞതായിരിക്കുമെന്നാണ്.
എന്നാൽ മുരളീധരന്റെ കാറിലേയ്ക്ക് മുകളിൽനിന്നും എന്തോ വന്ന് വീണത് കണ്ടതായി പിന്നാലെ വന്ന യാത്രക്കാർ പറഞ്ഞു. അപകടം നടന്നയുടനെ അവിടെയുണ്ടായിരുന്ന ജോലിക്കാരെല്ലാം മാറിക്കളഞ്ഞു.
കാർ ഉടമ തൃപ്പൂണിത്തുറ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. അതേ സമയം റെയിൽ നിർമാണം നടക്കുന്ന ഭാഗത്തു നിന്നും വെൽഡിംഗിന്റെ തീപ്പൊരികൾ വീണ് ഓട്ടോറിക്ഷയുടെ പടുതയ്ക്ക് തുള വന്നതായും പരാതിയുണ്ട്.