തൊടുപുഴ: സീറ്റ് വിഭജനം പൂർത്തിയായ ശേഷവും യുഡിഎഫിൽ ആശയക്കുഴപ്പം തുടരുന്നു. മൂവാറ്റുപുഴ സീറ്റ് നൽകുന്നത് പരിഗണിക്കണമെന്ന് കേരള കോണ്‍ഗ്രസ്-ജോസഫ് വിഭാഗം കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടു.
ഇതിന് പുറമേ ഏറ്റുമാനൂരിന് പകരം പൂഞ്ഞാർ നൽകണമെന്നും ജോസഫ് വിഭാഗം നിർദ്ദേശിച്ചിട്ടുണ്ട്. ഏറ്റുമാനൂരിൽ കോണ്‍ഗ്രസിന് മത്സരിക്കാം. ഇടുക്കി ഏറ്റെടുത്ത് ഉടുമ്പുൻചോല വിട്ടുനൽകണമെന്നും ജോസഫ് വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്.
പൂഞ്ഞാറിൽ ടോമി കല്ലാനിയെ സ്ഥാനാർഥിയായി കോണ്‍ഗ്രസ് ഏതാണ്ട് ഉറപ്പിച്ച നിലയിലാണ്. അതിനിടെയാണ് പുതിയ ആവശ്യവുമായി ജോസഫ് വിഭാഗത്തിന്റെ രംഗപ്രവേശം. ഏറ്റുമാനൂർ ജോസഫ് വിഭാഗത്തിന് നൽകിയതിനെതിരേ കോണ്‍ഗ്രസിൽ പ്രതിഷേധം ഉയർന്നിരുന്നു.
മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതിക സുഭാഷിന്റെ പേരാണ് ഏറ്റുമാനൂരിൽ ആദ്യഘട്ടത്തിൽ ഉയർന്നു കേട്ടതെങ്കിലും സീറ്റ് ഒടുവിൽ ജോസഫ് വിഭാഗത്തിന് നൽകുകയായിരുന്നു.