കോട്ടയം: ലോക്ഡൗണും പിന്നാലെയുണ്ടായ ഡീസൽ വില വർധനവും സ്വകാര്യ ബസ് മേഖലയുടെ നടുവൊടിച്ചപ്പോൾ വെല്ലുവിളികളെ നേരിടാൻ സിഎൻജി (സമ്മർദ്ദിത പ്രകൃതി വാതകം) ഇന്ധനവുമായി സെന്റ് ജോർജ് മോട്ടോഴ്സ്. ജില്ലയിലെ ആദ്യത്തെ സിഎൻജി ദീർഘദൂര സ്വകാര്യ ബസ് സർവീസ് ആരംഭിച്ചിരിക്കുകയാണ് ഈരാറ്റുപേട്ടയിലെ ആദ്യകാല ബസ് കന്പനിയായ സെന്റ് ജോർജ് മോട്ടോഴ്സ്.
സിഎൻജി വാതകത്തിലേക്കു മാറി സർവീസ് ഒരു വാരം പിന്നിടുന്പോൾ ആശ്വാസത്തിന്റെ വളയം തിരിച്ച സന്തോഷത്തിലാണ് ഉടമ തീക്കോയി സ്വദേശി മാനുവലിന്. മാനുവൽ മാത്രമല്ല ബസിലെ തൊഴിലാളികളും ഇപ്പോൾ ആത്മവിശ്വാസത്തിന്റെ പുത്തൻ സവാരിയിലാണ്.
മുണ്ടക്കയം -എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന സെന്റ് ജോർജ് മോട്ടോഴ്സ് ബസിലാണ് പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്. സർവീസ് നടത്തിയിരുന്ന ബസിന്റെ എൻജിൻ, റേഡിയേറ്റർ, പന്പ് എന്നീ ഭാഗങ്ങളിൽ മാറ്റങ്ങൾ വരുത്തി സിഎൻജി ഇന്ധനം നിറയ്ക്കുന്ന പുതിയ സിലിണ്ടറുകൾ ഘടിപ്പിച്ചു.
സിലിൻഡറുകൾക്ക് 15 വർഷത്തെ ഗ്യാരന്റി കന്പനി നൽകുന്നുണ്ട്. ഇതിനായി അഞ്ചു ലക്ഷത്തോളം രൂപ ചെലവഴിച്ചു. എറണാകുളം കളമശേരിയിൽ പ്രവർത്തിക്കുന്ന, ഡൽഹി ആസ്ഥാനമായ കന്പനിയാണ് സിഎൻജി എന്ന ആശയവുമായി ഒപ്പം നിന്നത്.
സിഎൻജി സംവിധാനം ഒരുക്കുന്നതിനും ബസ് നിരത്തിൽ ഓട്ടം തുടങ്ങുന്നതുവരെ കന്പനിയുടെ പിന്തുണയുണ്ടായി. 5000 കിലോമീറ്റർവരെ ബസ് നിയന്ത്രിച്ചാണ് ഓടുന്നത്. അതിനു ശേഷമാകും കൃത്യമായ ഇന്ധന ക്ഷമത വിലയിരുത്താൻ പറ്റുന്നതെന്ന് മാനുവൽ പറയുന്നു. കോട്ടയം ജില്ലയിൽ ആദ്യത്തെ സംവിധാനമാണെങ്കിലും എറണാകുളമടക്കമുള്ള ചില നഗരങ്ങളിൽ സിഎൻജി ബസുകൾ ഓടുന്നുണ്ട്.
ഡീസൽ എൻജിനേക്കാൾ ശബ്ദവും പുകയും സിഎൻജി എൻജിനിൽ കുറവാണെന്നതും ഒരു നേട്ടമാണ്. ഡൽഹി, മുംബൈ അടക്കമുള്ള നഗരങ്ങളിൽ സിഎൻജി വാഹനങ്ങൾ സുലഭമായിക്കഴിഞ്ഞിരിക്കുന്നു. കേരളത്തിലെ പ്രധാന വാണിജ്യ നഗരങ്ങളിൽ ബസുകൾക്കു പിന്നാലെ ടാക്സി കാറുകളും ഓട്ടോ റിക്ഷകളും ഈ സംവിധാനത്തിലേക്കു മാറിക്കഴിഞ്ഞു.
എറണാകുളത്തു മാത്രമാണ് സിഎൻജി പന്പുകളുള്ളതെന്നതാണ് വെല്ലുവിളി. ഭാവിയിൽ കോട്ടയമടക്കമുള്ള ജില്ലകളിലേക്കും പന്പുകൾ എത്തുന്പോൾ സിഎൻജി സംവിധാനം കൂടുതൽ ജനകീയമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.