മുതല വിഴുങ്ങിയ മകനെ രക്ഷിക്കാൻ അച്ഛൻ മുതലയുടെ വയർ പിളർന്നു.ഇന്തോനേഷ്യയിലെ ടെന്പാകുൽ നദിക്കരയിൽ മീൻ പിടിക്കാനായി പിതാവ് സബ്ലിയാൻസയോടൊപ്പം എത്തിയതായിരുന്നു ദിമാസ് മുൽക്കൻ സപുത്ര എന്ന എട്ടു വയസുകാരൻ.
മിന്നൽ വേഗത്തിൽ നദിയിൽ നിന്നു കയറി വന്ന ഒരു മുതല ദിമാസിനെയും വലിച്ചിഴച്ചു നദിയിലേക്കു ചാടി. ഇതു കണ്ട പിതാവ് മുതലയ്ക്കു പിന്നാലെ ഒാടിച്ചെന്നെങ്കിലും മകനെ രക്ഷിക്കാനായില്ല. കാരണം 26 അടി വലിപ്പമുള്ള ആ ഭീമൻ മുതല കുഞ്ഞിനെ പൂർണമായും വിഴുങ്ങിയിരുന്നു.
കുഞ്ഞിനെ അപ്പാടെ വിഴുങ്ങിയതിനാൽ ഉടനെ എന്തെങ്കിലും ചെയ്താൽ കുഞ്ഞിനെ രക്ഷിക്കാൻ കഴിയുമെന്നു ഗ്രാമവാസികൾ പറഞ്ഞു. കഴിഞ്ഞ മാർച്ച് മൂന്നിനായിരുന്നു സംഭവം.
തെരച്ചിൽ
കുഞ്ഞിനെ വിഴുങ്ങിയ ശേഷം മുതല എങ്ങോട്ടു പോയെന്നു കണ്ടെത്താനായില്ല. ഇതോടെ കുട്ടിയുടെ പിതാവും നാട്ടുകാരും രക്ഷാപ്രവർത്തകരുമെല്ലാം മുതലയെ കണ്ടെത്താൻ തെരച്ചിൽ തുടങ്ങി. പിറ്റേ ദിവസം രാവിലെ മുതലയെ കണ്ടെത്തി. കുട്ടിയെ ആക്രമിച്ചു വിഴുങ്ങിയ സ്ഥലത്തുനിന്നു 100 മീറ്റർ അകലെയാണ് മുതലയെ കണ്ടെത്തിയത്. ]
മുതലയെ കണ്ടപാടെ കുഞ്ഞിനെ രക്ഷിക്കാനായി പിതാവ് വെള്ളത്തിലേക്കു ചാടി ഇറങ്ങി. മുതലയെ പിന്തുടർന്നു തന്റെ കൈകൊണ്ട് അടിക്കുകയും പിടികൂടാൻ ശ്രമിക്കുകയും ചെയ്തു. പക്ഷേ, ഭീമാകാരനായ മുതലയെ പിടിക്കാനായില്ലെന്നു രക്ഷാസേനാഉദ്യേഗസ്ഥനായ ഒക്ടാവിയാന്റോ പറഞ്ഞു.
അവസാനം,രക്ഷാപ്രവർത്തകർ മുതലയെ പിടികൂടി കരയിലേക്കു വലിച്ചിഴക്കുന്പോഴും ഗ്രാമവാസികൾ കുട്ടി ജീവനോടെ ഉള്ളിൽ കാണുമെന്ന പ്രതീക്ഷയിലായിരുന്നു.
വയർ പിളർന്നു
മുതലയെ കിട്ടിയ പാടെ അവർ അതിന്റെ വയറു പിളർന്നു. പക്ഷേ, കുട്ടിയെ കിട്ടിയെങ്കിലും അവനു ജീവനില്ലായിരുന്നു. വയർ പിളർന്നതോടെ മുതലും ചത്തു – ഈസ്റ്റ് കുട്ടായ് എസ്എആർ പോസ്റ്റിലെ റെസ്ക്യൂ ടീം മേധാവി ബോംഗ ലോസോംഗ് പറഞ്ഞു.
ആദ്യമല്ല…
ഈസ്റ്റ് സെപാസോ ഗ്രാമത്തിൽ നദിയിൽ കുളിക്കുന്നതിനിടയിൽ മറ്റൊരു എട്ടുവയസുകാരൻ അർഡിയൻസിയെ ഈ സംഭവമുണ്ടാകുന്നതിന് ആഴ്ചകൾക്കു മുന്പാണ് മുതല കൊന്നത്. ആ കുട്ടിയുടെ മൃതദേഹം ഇതുവരെയും കണ്ടെത്തിയിട്ടില്ല.
ചതുപ്പിൽ
2019 ൽ സഹോദരങ്ങളോടൊപ്പം ബോട്ടിലിരിക്കുകയായിരുന്ന പത്തു വയസുകാരനെ ബോട്ടിൽനിന്നു മുതല വലിച്ചിഴച്ച സംഭവം ഉണ്ടായിട്ടുണ്ടെന്നും ദി സണ് റിപ്പോർട്ട് ചെയ്യുന്നു. ഫിലിപ്പൈൻസിലെ ബാലബാക്ക് ദ്വീപിലായിരുന്നു ഈ സംഭവം. പിതാവ് ഒറ്റ രാത്രി മുഴുവൻ അവനെ തെരെഞ്ഞെങ്കിലും കണ്ടെത്താനായില്ല. പിന്നീട് അവന്റെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ അടുത്തുള്ള കണ്ടൽ ചതുപ്പിൽ ഒരു മത്സ്യത്തൊഴിലാളി കണ്ടെത്തിയിരുന്നു.