പത്തനംതിട്ട: സമീപകാല തെരഞ്ഞെടുപ്പു ചരിത്രത്തില്‍ അടൂരില്‍ യുഡിഎഫിനു തലവേദനയാകുന്നത് വോട്ടു ചോര്‍ച്ചയാണ്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ മൂന്നാംസ്ഥാനത്തേക്കു പോലും പിന്തള്ളപ്പെട്ട മുന്നണിക്ക് നിയമസഭ തെരഞ്ഞെടുപ്പ് കനത്ത വെല്ലുവിളിയാകും.
കുറഞ്ഞകാലം കൊണ്ട് മണ്ഡലത്തില്‍ ശക്തമായ പിന്തുണ നേടിയ പാര്‍ട്ടി ബിജെപിയാണ്. അതുകൊണ്ടുതന്നെ സംവരണ മണ്ഡലമായ അടൂരില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കൂടുതല്‍ ശ്രദ്ധയോടെയാണ് പാര്‍ട്ടി നീങ്ങുന്നത്.1991 മുതല്‍ 20 വര്‍ഷം തിരുവഞ്ചൂര്‍ രാധാകൃഷ്ണനിലൂടെ യുഡിഎഫ് പക്ഷത്ത് ഉറച്ചുനിന്നിരുന്ന മണ്ഡലം അതിര്‍ത്തി പുനര്‍നിര്‍ണയത്തിനുശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിലാണ് സിപിഐയിലെ ചിറ്റയം ഗോപകുമാര്‍ വിജയിച്ചത്.
അന്നദ്ദേഹത്തിന് 607 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണുണ്ടായിരുന്നത്. പിന്നീടുള്ള തെരഞ്ഞെടുപ്പുകളിലാണ് മുന്നണി വോട്ടുകളില്‍ കാര്യമായ മാറ്റങ്ങള്‍ പ്രകടമായിത്തുടങ്ങിയത്.2019 ലോക്സഭ തെരഞ്ഞെടുപ്പ് മൂന്ന് മുന്നണികള്‍ക്കും അടൂരില്‍ കനത്ത പോരാട്ടമായിരുന്നു.
പത്തനംതിട്ട ലോക്സഭ മണ്ഡലത്തില്‍ വിജയിച്ച യുഡിഎഫ് പിന്നിലായ മണ്ഡലമാണ് അടൂര്‍. എല്‍ഡിഎഫാണ് മണ്ഡലത്തില്‍ ഒന്നാമതെത്തിയത്. 53216 വോട്ടുകള്‍ അവര്‍ നേടിയപ്പോള്‍ രണ്ടാമതെത്തിയ ബിജെപി 51260 വോട്ടുകളും നേടി. യുഡിഎഫിന് 49280 വോട്ടുകളാണ് ലഭിച്ചത്. എല്‍ഡിഎഫും ബിജെപിയും തമ്മിലുള്ള വോട്ട് അന്തരം കേവലം 1956 വോട്ടുകള്‍ മാത്രമായി.
യുഡിഎഫിന് ബിജെപിയേക്കാള്‍ 1980 വോട്ടുകളുടെയും എല്‍ഡിഎഫിനേക്കാള്‍ 3936 വോട്ടുകളുടെയും കുറവുണ്ടായി. 2016 നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയിച്ച മണ്ഡലത്തില്‍ അന്നു നേടിയ 76034 വോട്ടുകള്‍ ലോക്സഭ വോട്ടെടുപ്പില്‍ നിലനിര്‍ത്താന്‍ അവര്‍ക്കായില്ല.
2016ല്‍ യുഡിഎഫിന് 50574 വോട്ടുകളാണ് ലഭിച്ചത്. ബിജെപി അന്നു നേടിയത് 25940 വോട്ടുകളാണ്. 2011 നിയമസഭയില്‍ 6210 വോട്ടുകള്‍ നേടി 4.59 ശതമാനം മാത്രം വോട്ടുനേടിയ ബിജെപിക്കാണ് വോട്ടുവര്‍ധന ഏറെയുണ്ടായത്. 2014 ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്കു 22796 വോട്ടാണ് ലഭിച്ചത്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലാകട്ടെ എല്‍ഡിഎഫ് മണ്ഡലത്തില്‍ 11426 വോട്ടുകളുടെ ലീഡ് നേടി. 67158 വോട്ടുകള്‍ എല്‍ഡിഎഫ് മണ്ഡലത്തില്‍ നേടിയിരുന്നു. യുഡിഎഫിന് ലോക്സഭ തെരഞ്ഞെടുപ്പിലേതിലും നില മെച്ചപ്പെടുത്താനായി. 55732 വോട്ടുകള്‍ ലഭിച്ചു. എന്നാല്‍ ബിജെപിക്ക് ലോക്സഭ തെരഞ്ഞെടുപ്പില്‍ നിന്നു താഴേക്ക് പോകേണ്ടിവന്നു. 36298 വോട്ടുകള്‍ മാത്രമാണ് ബിജെപിക്കു ലഭിച്ചത്.
അടൂര്‍ നഗരസഭ സ്വതന്ത്രരുടെയും മറ്റും സഹായത്തോടെയാണ് എല്‍ഡിഎഫ് ഭരണം പിടിച്ചത്. പന്തളം നഗരസഭയില്‍ ബിജെപി കേവല ഭൂരിപക്ഷം നേടുകയും ചെയ്തു. മണ്ഡല പരിധിയിലെ ജില്ലാ പഞ്ചായത്ത് മണ്ഡലങ്ങളില്‍ പള്ളിക്കല്‍ എല്‍ഡിഎഫ് നേടിയപ്പോള്‍ ഏനാത്ത് യുഡിഎഫിന് അപ്രതീക്ഷിത വിജയം ഉണ്ടായി.
പന്തളം തെക്കേക്കര, തുമ്പമണ്‍ പഞ്ചായത്തുകളിലായി അതിര്‍ത്തി പങ്കിടുന്ന പ്രമാടം ജില്ലാ പഞ്ചായത്ത് മണ്ഡലം യുഡിഎഫിനായിരുന്നു. കൂടുതല്‍ ഗ്രാമപഞ്ചായത്തുകളിലും പറക്കോട് ബ്ലോക്കിലും അധികാരത്തിലെത്താന്‍ എല്‍ഡിഎഫിനു കഴിഞ്ഞു.
നഗരസഭകളിലും ജില്ലാ പഞ്ചായത്ത് മണ്ഡലങ്ങളിലും പോള്‍ ചെയ്ത വോട്ടുകള്‍ അടിസ്ഥാനപ്പെടുത്തിയാണ് നിയോജകമണ്ഡലത്തില്‍ മുന്നണികളുടെ വോട്ടുകളുടെ കണക്ക് രേഖപ്പെടുത്തിയിട്ടുള്ളത്.ഇത്തവണ അടൂരില്‍ ബിജെപി സ്ഥാനാര്‍ഥിയായ കോണ്‍ഗ്രസ് വിട്ടെത്തിയ കെ. പ്രതാപന് വരുമെന്നാണ് സൂചന.
കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരന്റെ സഹോദരനാണ് പ്രതാപന്. പന്തളം സുധാകരന് 2011ല്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു. ബിജെപിയില്‍ പന്തളം നഗരസഭാധ്യക്ഷയുടേതടക്കം പേരുകള്‍ പരിഗണനയിലിരിക്കുമ്പോഴാണ് പ്രതാപന് ബിജെപിയിലേക്കെത്തിയത്.
എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി സിറ്റിംഗ് എംഎല്‍എ ചിറ്റയം ഗോപകുമാറിനെ തന്നെ സിപിഐ രംഗത്തിറക്കിയിരിക്കുകയാണ്. യുഡിഎഫില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജി. കണ്ണന് അടക്കം സീറ്റിനുവേണ്ടി രംഗത്തുണ്ട്.