കോട്ടയം: സിനിമയിലെ നായികമാരുടെ ചിത്രങ്ങൾ മോർഫ് ചെയ്തു പ്രചരിപ്പിക്കുന്ന സംഭവങ്ങൾക്ക് ഒടുവിലത്തെ ഇര ഒരു ബാലതാരം.
മോഹൻലാൽ, പൃഥ്വിരാജ് അടക്കമുള്ള സൂപ്പർതാര ചിത്രങ്ങളിൽ ശ്രദ്ധേയ വേഷം കൈകാര്യം ചെയ്തും ഇപ്പോൾ മിനി സ്ക്രീൻ പരിപാടികളിൽ അവതാരകയായും മലയാളികളുടെ ഇഷ്ടം നേടിയ പെൺകുട്ടിയാണ് സൈബർ ആക്രമണം നേരിടുന്നത്. കോട്ടയം സ്വദേശിയും സംവിധായകനുമായ റിയാസ് മുഹമ്മദ് ആദ്യമായി ഒരുക്കിയ ചിത്രത്തിലും ഈ ബാലതാരം അഭിനയിച്ചിട്ടുണ്ട്.
പൗരത്വ ബില്ലിനെ ചൊല്ലി വാദങ്ങൾ നടക്കുന്ന സമൂഹത്തിൽ അതിനിരയായി മാറുന്ന അനാഥരായ രണ്ടു സഹോദരങ്ങളുടെ കഥയാണ് തന്റെ ആദ്യ ചിത്രത്തിൽ റിയാസ് പറയുന്നത്. ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു.
ഇതിനു പിന്നാലെയാണ് ടെലഗ്രാമിലൂടെ അനുശ്രീ എന്ന ഫേക്ക് പ്രൊഫൈലിൽനിന്നു ബാലതാരത്തിന്റെ അശ്ലീലമായി മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചത്.
പിന്നിൽ ഒരു സംഘം
സിനിമയുടെ പ്രവർത്തകനെ ടെലഗ്രാമിലൂടെ പരിചയപ്പെട്ട യുവാവ് ബാലതാരത്തെ അപമാനിച്ചു സംസാരിക്കുകയും ചിത്രങ്ങൾ പ്രചരിപ്പിക്കുകയുമായിരുന്നു. വിവരം ശ്രദ്ധയിൽ പെട്ട റിയാസ് ബാലതാരത്തിന്റെ പിതാവിനെ വിവരങ്ങൾ അറിയിക്കുകയും കോട്ടയം പോലീസ് ചീഫിനു പരാതി നൽകുകയുമായിരുന്നു.
മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ ടെലഗ്രാം അടക്കമുള്ള സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിനു പിന്നിൽ യുവാക്കളുടെ ഒരു സംഘമാണെന്നാണ് പ്രാഥമിക വിവരം. പലപ്പോഴും ഫേക്ക് അക്കൗണ്ടുകളിലൂടെയാണ് ഇത്തരത്തിൽ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത്. പ്രതികൾക്കെതിരേ പോക്സോ പ്രകാരം കേസെടുക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
നിലയ്ക്കാതെ ആക്രമണം
സിനിമയിലെ ബാലതാരങ്ങളെ കേന്ദ്രീകരിച്ച് ഒരു സംഘം പ്രവർത്തിക്കുന്നുണ്ടെന്നും പല ബാല താരങ്ങളും യുവ നായികമാരും ഇതിന് ഇരയായെന്നും ചലച്ചിത്ര പ്രവർത്തകർ പറഞ്ഞു.തമിഴ്, തെലുങ്ക് അടക്കം അന്യ ഭാഷകളിൽ അഭിനയിച്ച മലയാളത്തിലെ മറ്റൊരു ബാലതാരത്തിനും ഇതേ അനുഭവം ഉണ്ടായി. സംഭവത്തിൽ 2018ൽ ബാലതാരത്തിന്റെ പിതാവ് പോലീസിൽ പരാതി നൽകിയിരുന്നു.
സിനിമാ- സീരിയൽ ബാല താരങ്ങളെ കൂടാതെ ടെലിവിഷൻ സംഗീത പരിപാടികളിലെ പെണ്കുട്ടികളും അത്തരത്തിൽ സൈബർ ആക്രമണത്തിനു ഇരയാവുന്നുണ്ട്. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ സൈബർലോകത്തു പ്രചരിപ്പിക്കുന്നതും പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ടു പോലീസ് സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ പി-ഹണ്ട് എന്ന റെയ്ഡ് നടത്തുന്പോഴാണ് ഇത്തരം ഹീനമായ ഇടപാടുകൾ തുടരുന്നത്.
കഴിഞ്ഞ ഡിസംബറിൽ നടത്തിയ ഓപ്പറേഷൻ പി-ഹണ്ട് റെയ്ഡിൽ 41 പേർ സംസ്ഥാനത്ത് അറസ്റ്റിലായിരുന്നു.
ഇതിനു തടയിടണം:സംവിധായകൻ
ജനങ്ങൾക്കു പ്രിയപ്പെട്ടവരായ ബാലതാരങ്ങൾ ഇത്തരത്തിൽ സൈബർ ആക്രമണത്തിനു വിധേയരാകുന്നതു കടുത്ത വേദനയുണ്ടാക്കുന്നതാണ്. ഇതു മാനസിക വൈകല്യമാണോ അതോ ഇതിലൂടെ എന്തെങ്കിലും നേട്ടമുണ്ടാക്കുന്നുണ്ടോയെന്ന് അന്വേഷിക്കണം. നിരവധി ബാലതാരങ്ങൾ ഇങ്ങനെ ആക്രമണത്തിനിരയാകുന്നു.
പലരും നാണക്കേട് വിചാരിച്ചു പ്രതികരിക്കുന്നില്ല. പോക്സോ വിഭാഗത്തിലുള്ള ക്രൈം ആണിത്. പോലീസിന്റെ ശക്തമായ അന്വേഷണം നടത്തി പ്രതികളെ പിടികൂടണം.