തൃശൂർ: സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ. വിജയരാഘവന്റെ ഭാര്യ ആയതുകൊണ്ടല്ല തനിക്കു സിപിഎം സ്ഥാനാർഥിത്വം ലഭിച്ചതെന്ന് ഇരിങ്ങാലക്കുടയിലെ എൽഡിഎഫ് സ്ഥാനാർഥി പ്രഫ.ആർ. ബിന്ദു. 30 വർഷമായി താൻ പൊതുരംഗത്തുണ്ട്.
പാർട്ടി സെക്രട്ടറിയുടെ ഭാര്യ ആയതു കൊണ്ടാണു സ്ഥാനാർഥിത്വം ലഭിച്ചതെന്ന ആരോപണം പുരുഷാധിപത്യ ചിന്തയുടെ ഭാഗമാണെന്നും ബിന്ദു പറഞ്ഞു.
പാർട്ടി ഏല്പിച്ചിട്ടുള്ള എല്ലാ ചുമതലകളും കഴിവിന്റെ പരമാവധി നിർവഹിച്ചിട്ടുണ്ട്. സിറ്റിംഗ് എംഎൽഎയെ മാറ്റി എന്നു പറയാനാവില്ല.
പല പരിഗണനകളാണു സ്ഥാനാർഥിയെ നിശ്ചയിക്കുന്നതിൽ പാർട്ടി പരിഗണിക്കുന്നത്. വനിത എന്ന നിലയിലാണു തന്നെ ഇരിങ്ങാലക്കുടയിൽ സ്ഥാനാർഥിയാക്കാൻ തീരുമാനിച്ചത്. ഇരിങ്ങാലക്കുട ജന്മദേശമാണ്.
തന്റെ കുടുംബക്കാരും ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ഇരിങ്ങാലക്കുടയിലുണ്ട്. ഈ ബന്ധങ്ങൾ ഗുണം ചെയ്യുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും ബിന്ദു പറഞ്ഞു.