തൃശൂർ: ബിജെപി എ ക്ലാസ് മണ്ഡലങ്ങളിലൊന്നായി കണക്കാക്കുന്ന തൃശൂർ നിയോജകമണ്ഡലത്തിൽ സ്ഥാനാര്‍ഥിയെ നിശ്ചയിക്കാനുള്ള ചർച്ച അവസാന ഘട്ടത്തിൽ. ശോഭ സുരേന്ദ്രനടക്കം പല പ്രമുഖരുടേയും പേരുകൾ സ്ഥാനാർഥി സാധ്യതാ പട്ടികയിലുണ്ട്.
യുഡിഎഫ് സ്ഥാനാർഥിയാകുമെന്നു കരുതുന്ന പത്മജ വേണുഗോപാലും എൽഡിഎഫ് സ്ഥാനാർഥി പി. ബാലചന്ദ്രനും പ്രാഥമിക പ്രചാരണം ആരംഭിച്ചു കഴിഞ്ഞു.
ഇവർക്കെതിരെ പൊരുതാൻ ശോഭ സുരേന്ദ്രൻ മികച്ച സ്ഥാനാർഥിയാണെന്നു ബിജെപിക്കുള്ളിൽ അഭിപ്രായമുയർന്നിട്ടുണ്ട്.
എന്നാൽ, മത്സരിക്കാനില്ലെന്ന നിലപാടിലാണ് ശോഭ. പാര്‍ട്ടി അധ്യക്ഷൻ കെ. സുരേന്ദ്രനും മത്സരിക്കില്ലെന്ന നിലപാടിലാണെങ്കിലും സുരേന്ദ്രനു തൃശൂർ സീറ്റു നൽകാൻ ജില്ലാ നേതൃത്വം ഒരുക്കമാണ്.
മെട്രോമാൻ ഇ. ശ്രീധരന്റെ പേരും തൃശൂരിലേക്കു കേൾക്കുന്നുണ്ടെങ്കിലും അദ്ദേഹം പാലക്കാട് സീറ്റിലേക്കു പോകുമെന്നാണ് സൂചന.
മുൻ ഡിജിപി ടി.പി. സെൻകുമാറാണ് തൃശൂരിൽ പരിഗണനയിലുള്ള മറ്റൊരു പേര്. സംസ്ഥാന വക്താക്കളായ സന്ദീപ് വാര്യരും അഡ്വ. ബി. ഗോപാലകൃഷ്ണനും തൃശൂരിലേക്കു പരിഗണിക്കപ്പെടുന്നുണ്ട്. ഗോപാലകൃഷ്ണന്റെ പേരിനാണ് കൂടുതൽ സാധ്യത.
ഇക്കഴിഞ്ഞ തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ തൃശൂർ കോർപറേഷൻ കുട്ടൻകുളങ്ങര ഡിവിഷനിൽ മത്സരിച്ചു പരാജയപ്പെട്ട ഗോപാലകൃഷ്ണനു നിയമസഭാ തെരഞ്ഞെടുപ്പിൽ അവസരം നല്‍കണമെന്ന ആവശ്യം പാർട്ടിക്കുള്ളിലുണ്ട്.
ബിജെപി സ്ഥാനാർഥിപ്പട്ടികയ്ക്ക് അന്തിമരൂപം നൽകാൻ സംസ്ഥാന നേതൃയോഗം ഇന്നു തൃശൂരിൽ ചേരും.
അന്തിമ തീരുമാനവും പ്രഖ്യാപനവും കേന്ദ്ര നേതൃത്വം ന്യൂഡൽഹിയിൽ നടത്തുമെങ്കിലും ഇന്നത്തെ നേതൃയോഗത്തിൽ സ്ഥാനാർഥിത്വം സംബന്ധിച്ച് അന്തിമ ധാരണയുണ്ടാകും.
‘ഷൂട്ടിംഗുണ്ട്, മത്സരിക്കാനില്ല’
സുരേഷ് ഗോപി മത്സരിക്കില്ലെന്ന് ആദ്യമേ അറിയിച്ചതാണ്. എന്നാൽ മത്സരിക്കണമെന്നാണു സംസ്ഥാന നേതൃത്വം ആവർത്തിച്ച് ആവശ്യപ്പെടുന്നത്.
കേന്ദ്ര നേതൃത്വം പറഞ്ഞാൽ നോക്കാമെന്ന നിലപാടിലാണ് സുരേഷ് ഗോപി. തിരുവനന്തപുരം വട്ടിയൂർക്കാവാണ് സുരേഷ് ഗോപി കൂടുതൽ താത്പര്യപ്പെടുന്നത്.
സിനിമാ ഷൂട്ടിംഗ് ആവശ്യങ്ങളും മറ്റുമായി കൂടുതലും തിരുവനന്തപുരത്തു ചെലവഴിക്കേണ്ടി വരുന്നതിനാലാണ് സുരേഷ് ഗോപി വട്ടിയൂർക്കാവിനു മുൻഗണന നൽകുന്നത്.
ഗുരുവായൂരിൽ സ്വന്തം ഫ്ളാറ്റുള്ളതിനാൽ ഗുരുവായൂരും സുരേഷ്ഗോപി താത്പര്യപ്പെടുന്നുണ്ട്.
ബിജെപിക്കു തൃശൂരിൽ ശോഭ മുതൽ ഗോപാലകൃഷ്ണൻ വരെ