സ്വന്തം ലേഖകർ
തൃശൂർ/മുളങ്കുന്നത്തുകാവ്: തൃശൂർ മെഡിക്കൽ കോളജിലെ ഡെന്റൽ കോളജ് സൂപ്പറാണെന്ന വാട്സാപ്പ് സന്ദേശം വൈറലായി. നിരവധി പേരാണ് ഈ പോസ്റ്റ് ഫോർവേഡും ഷെയറും ചെയ്യുന്നത്.
വളരെ പ്രധാനപ്പെട്ട അറിയിപ്പാണെന്ന് വിശ്വസിക്കുന്നു എന്ന മുഖവുരയോടെയാണ് പോസ്റ്റ്. ഡെന്റൽ കോളജിലെ സൗകര്യങ്ങൾ അറിയാത്തവരെ അറിയിക്കാനാണ് ഇതെന്നും വ്യക്തമാക്കുന്നു.
നൂറു ശതമാനം ചികിത്സ സൗജന്യമായ ഇവിടെയുള്ള ആധുനിക സജ്ജീകരണങ്ങളെല്ലാം വിശദീകരിക്കുന്നുണ്ട്.
പോസ്റ്റിൽ ആന്പല്ലൂരിലേയും പുതുക്കാട്ടേയും ദന്ത ചികിത്സാകേന്ദ്രങ്ങളിലെ ചികിത്സാചെലവും പരാമർശിച്ചിട്ടുണ്ട്.
അവിടെ പതിനായിരക്കണക്കിനു രൂപ ഈടാക്കുന്ന ദന്ത ചികിത്സയ്ക്ക് മെഡിക്കൽ കോളജിൽ അഞ്ഞൂറു രൂപയിൽ താഴെ മാത്രമേ വരുന്നുള്ളൂവെന്നും വാട്സാപ്പ് സന്ദേശത്തിൽ പറയുന്നു. പുതുക്കാടോ ആന്പല്ലൂരോ ഉള്ള ആരെങ്കിലുമാകാം പോസ്റ്റിട്ടതെന്നാണ് കരുതുന്നത്.
വാട്സാപ്പ് പോസ്റ്റിനു പിന്നാലെ ആ പോസ്റ്റിനെ വിമർശിച്ചുള്ള പോസ്റ്റുകളുമെത്തി. ജീവനക്കാരുടെ വൻകുറവ് ഇവിടെയുണ്ടെന്നും നിയമനം ലഭിച്ച ഡോക്ടർമാർ ജില്ലയ്ക്കു പുറത്തുള്ളവരാണെന്നും അവർക്കു താമസിക്കാനുള്ള സൗകര്യമില്ലെന്നും അതിനാൽ അവർക്കു പലപ്പോഴും കൃത്യസമയത്ത് എത്താനാകാത്ത സ്ഥിതിയാണെന്നുമാണ് വിമർശനങ്ങളിൽ പ്രധാനം. ഒരു ഓപ്പറേഷൻ നടത്താൻപോലും വളരെ നീണ്ട കാലയളവാണ് നൽകുന്നത്.
ഡെന്റൽ കോളജിനെ പുകഴ്ത്തിക്കൊണ്ടുള്ള പോസ്റ്റിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളിൽ കുറേയൊക്കെ സത്യമാണെങ്കിലും അവിടത്തെ പ്രശ്നങ്ങൾകൂടി പരാമർശിക്കാതെ വയ്യെന്നാണ് എതിർവാദം.
ഡെന്റൽ കോളജിലെ വിദ്യാർഥികൾക്കും പറയാനുള്ളതേറെയും പ്രാരബ്ധങ്ങളുടെ കഥകൾ.
സ്റ്റാർ ഹോട്ടൽ സൗകര്യങ്ങളുണ്ടെങ്കിലും ഇപ്പോഴും പഠനത്തിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടില്ലെന്നാണ് വിദ്യാർഥികളുടെ പരാതി.
സൗകര്യങ്ങളില്ലെന്ന കാരണത്താൽ അഫിലിയേഷൻ വരെ നഷ്ടപ്പെടാവുന്ന സാഹചര്യമുണ്ട്.
കാലപ്പഴക്കമുള്ള പഴയ കെട്ടിടത്തിൽ 15 ലക്ഷം രൂപ ചെലവഴിച്ച് അറ്റകുറ്റപ്പണികൾ നടത്തിയ മൈക്രോബയോളജി കെട്ടിടത്തിലാണ് ദന്തൽ കോളജ് വിദ്യാർഥികൾക്കു തുടർ പരിശീലനം നൽകുന്നതെന്നാണ് മറ്റൊരു പരാതി. ഹോസ്റ്റൽ സൗകര്യവുമില്ല.