സ്വന്തം ലേഖകൻ
കോഴിക്കോട്: കുറ്റ്യാടി മണ്ഡലം ഇടതുമുന്നണി കേരളകോൺഗ്രസിനുവിട്ടുക്കൊടുത്തതിൽ സിപിഎം പ്രവർത്തകർക്കിടയിൽ രൂപപ്പെട്ട പ്രതിസന്ധി പരിഹരിക്കാൻ മുന്നണിയിൽ തിരക്കിട്ട ചർച്ചകൾ.
സീറ്റ് വിഭജനം പൂർത്തിയാക്കുകയും സിപിഎം സ്ഥാനാർഥി പട്ടിക ഔദ്യോഗികമായി പുറത്തിറക്കുകയും ചെയ്ത സാഹചര്യത്തിൽ ഇവയിൽ മാറ്റം വരുത്താതെയുള്ള ഫോർമുലയാണ് പരിശോധിക്കുന്നത്. കേരള കോൺഗ്രസിൽനിന്ന് സീറ്റ് തിരിച്ച് ആവശ്യപ്പെടില്ല.
മറിച്ച് കേരള കോൺഗ്രസ് സ്വമേധയ തിരിച്ചു നൽകിയാൽമാത്രം സിപിഎം സ്ഥാനാർഥിയെ പരിഗണിക്കും. അല്ലാത്ത പക്ഷം കേരള കോൺഗ്രസിനുകൂടി സ്വീകാര്യനായ പൊതു സ്ഥാനാർഥിയെ മണ്ഡലത്തിലിറക്കി പ്രതിസന്ധി മറിക്കടക്കാനാണ് ശ്രമം.
ഇതിനും കേരള കോൺഗ്രസിന്റെ അനുമതിവേണം. സീറ്റ് കേരള കോൺഗ്രസിനുതന്നെയാണെന്ന് ആവർത്തിക്കുന്ന സിപിഎം നേതൃത്വം മറിച്ചൊരു തീരുമാനത്തിന് കേരള കോൺഗ്രസിന്റെ ഭാഗത്തുനിന്ന് അഭിപ്രായം വരണമെന്ന നിലപാടിലാണ്.
കേരളകോൺഗ്രസ് സീറ്റ് സിപിഎമ്മിനു വിട്ടുനൽകിയാലും വിമതർ ആവശ്യപ്പെട്ട സ്ഥാനാർഥി കുഞ്ഞഹമ്മദ്കുട്ടിമാസ്റ്ററെ ഒഴിവാക്കി മറ്റൊരു സ്ഥാനാർഥിയെ മാത്രമെ കുറ്റ്യാടിയില് സിപിഎം അംഗീകരിക്കൂ.വിമതരുടെ സമർദ്ദത്തിനു വഴങ്ങി എന്ന നില ഒഴിവാക്കാനാണിത്.
എന്നാൽ സംസ്ഥാനത്ത് ഒന്നാകെ അറിയപ്പെടുന്ന ഒരു ഇടതു സ്വതന്ത്രൻ മണ്ഡലത്തിലെത്തിയാൽ കേരള കോൺഗ്രസിനും സിപിഎമ്മിനും മാത്രമല്ല കുറ്റ്യാടിയിലെ വിമതർക്കും സ്വീകാര്യമാവകും എന്ന കണക്കുക്കൂട്ടലാണ് ആ വഴിക്കുള്ള ആലോചനയ്ക്ക് അടിസ്ഥാനം.
കുറ്റ്യാടിയിലെ തീരുമാനം വൈകുന്ന മുറയ്ക്ക് പ്രശ്നം കൂടുതൽ രൂക്ഷമാകാനാണ് സാധ്യത. ഇന്ന് വൈകിട്ടും വിമതർ കുറ്റ്യാടിയിൽ പ്രതിഷേധപ്രകടനത്തിനു തയാറെടുക്കുന്നതായും സൂചനയുണ്ട്.