മയ്യിൽ: മയ്യിൽ മേഖലയിൽ പട്ടാപ്പകൽ പോലും കവർച്ച പതിവായതോടെ ജനം ഭീതിയിൽ. പോലീസ് സ്റ്റേഷന് മീറ്ററുകൾ മാത്രം അകലെ മോഷണം നടന്നിട്ടും പ്രതികളെ തിരിച്ചറിയാൻ പോലും കഴിയാത്ത അവസ്ഥയിലാണ് പോലീസ്. കഴിഞ്ഞ ഒരു മാസത്തിനിടെ നാല് കവർച്ചകളാണ് മയ്യിലിൽ നടന്നത്.
ഏറ്റവും ഒടുവിലായി ഇന്നലെ മയ്യിൽ പോലീസ് സ്റ്റേഷന് സമീപം നിർത്തിയിട്ടിരുന്ന മയ്യിലെ വ്യാപാരിയുടെ സ്കൂട്ടറാണ് മോഷണം പോയത്. മയ്യിൽ ടൗണിലെ ‘മണിതാലി’ തിരൂർ പൊന്ന് കടയുടമ എടയന്നൂർ അടിച്ചേരിപറമ്പിലെ സി.എം. റാഷിദിന്റെ കെഎൽ 13 എബി 9549 ആക്സസ് സ്കൂട്ടറാണ് മോഷണം പോയത്.
രാവിലെ 11 നും 11. 5 നും ഇടയിലാണ് സ്കൂട്ടർ കവർന്നത്. കടയുടെ മുന്നിൽ സ്കൂട്ടർ പാർക്ക് ചെയ്ത ശേഷം സമീപത്തെ ചായക്കടയിൽ പോയി തിരിച്ചെത്തുമ്പോഴേക്കും സ്കൂട്ടർ കവരുകയായിരുന്നു. കടയിലേക്കുള്ള 6000 ഓളം രൂപയുടെ സാധനങ്ങളും സ്കൂട്ടറിലുണ്ടായിരുന്നു. സംഭവത്തിൽ കേസെടുത്ത പോലീസ് മയ്യിൽ ടൗണിലെ സിസി ടിവികൾ പരിശോധിച്ച് വരികയാണ്.
കഴിഞ്ഞ ഫെബ്രുവരി 15 നും മയ്യിൽ ടൗണിൽ നിന്ന് സ്കൂട്ടർ മോഷണം പോയിരുന്നു. കടയുടെ മുന്നിൽ നിർത്തിയിട്ടിരുന്ന കെഎൽ 13 സെഡ് 3671 സുസൂകി ആക്സസ് സ്കൂട്ടറാണ് മോഷണം പോയത്. സംഭവത്തിൽ പ്രതിയുടെ സിസിടിവി ദൃശ്യം ലഭിച്ചിട്ടും പ്രതിയെ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
മൂന്നാഴ്ച മുമ്പ് മയ്യിൽ ടൗണിലെ രണ്ട് ഹോട്ടലിലും കവർച്ച നടന്നിരുന്നു. ബസ് സ്റ്റാൻഡ് പരിസരത്തെ തനിമ ഹോട്ടലിലും ജുമാ മസ്ജിദിന് സമീപത്തെ സെൻട്രൽ ഹോട്ടലിലിലുമാണ് കവർച്ച നടന്നത്. പിറക് ഭാഗത്തെ പൂട്ട് തകർത്ത് അകത്ത് കടന്ന മോഷ്ടാവ് സന്നദ്ധ സംഘടനകൾ സ്ഥാപിച്ച ഭണ്ഡാരം ഉൾപ്പെടെ കവർന്നു.
മോഷണം നടന്ന സെൻട്രൽ ഹോട്ടലിൽ പോലീസ് പരിശോധന നടത്താൻ പോലും പോലീസ് തയാറായില്ലെന്നാരോപിച്ച് കട ഉടമ രംഗത്തെത്തിയിരുന്നു.പോലീസ് സ്റ്റേഷന് 200 മീറ്റർ ചുറ്റളവിലാണ് അടുത്തിടെ നടന്ന നാല് കവർച്ചകളും. ടൗണിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതികളെ കുറിച്ച് സൂചനകൾ ലഭിച്ചിട്ടും പിടികൂടാൻ കഴിയാതെ ഇരുട്ടിൽ തപ്പുകയാണ് പോലീസ്.
കവർച്ചാ കേസുകളിൽ കൃത്യമായി അന്വേഷണം നടത്താൻ പോലും പോലീസ് തയാറാകാത്തതിനെതിരേ വ്യാപാരികളിൽ നിന്നും വൻ പ്രതിഷേധമുയർന്നിട്ടുണ്ട്.