സ്വന്തം ലേഖകന്‍
കോഴിക്കോട്: തെരഞ്ഞെടുപ്പ് ഗോദയിലേക്ക് കാലെടുത്ത് വച്ച് ഇടതുമുന്നണി. അതേസമയം സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാത്തതിനാല്‍ ആവേശം തെളിയാതെ യുഡിഎഫും ബിജെപിയും. ജില്ലയിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയ കാഴ്ചയുടെ നിലവിലെ അവസ്ഥ ഇങ്ങനെയാണ്.
ജില്ലയിലെ 12 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യലാപ്പില്‍ എല്‍ഡിഎഫ് കുതിച്ചുതുടങ്ങി.സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് യുഡിഎഫും ബിജെപിയും രംഗത്തിറങ്ങാനിരിക്കേ വോട്ടഭ്യര്‍ഥനയുമായി എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ കളം നിറയുന്നു.
സിപിഐ മത്സരിക്കുന്ന നാദാപുരത്താണ് ആദ്യം സ്ഥാനാര്‍ഥിയെ നിശ്ചയിച്ചത്. എന്‍സിപി എലത്തൂര്‍ സീറ്റിലും സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. ആറ് സിപിഎം സ്ഥാനാര്‍ഥികളെയും രണ്ട് സ്വതന്ത്ര സ്ഥാനാര്‍ഥികളെയും ബുധനാഴ്ച പ്രഖ്യാപിച്ചു. പിന്നാലെ ഐഎന്‍എല്‍ കോഴിക്കോട് സൗത്തിലും സ്ഥാനാര്‍ഥിയെ രംഗത്തിറക്കി.
എല്‍ജെഡി മത്സരിക്കുന്ന വടകരയിലും സ്ഥാനാര്‍ഥിയായി. ഇനി കുറ്റ്യാടി മണ്ഡലമേ ബാക്കിയുള്ളൂ. ആദ്യനാള്‍ സ്ഥാനാര്‍ഥികള്‍ മണ്ഡലത്തിലെ പ്രമുഖ വ്യക്തികളെ കണ്ടു. അങ്ങാടികളിലും തൊഴില്‍ കേന്ദ്രങ്ങളിലുമെത്തി വോട്ടഭ്യര്‍ഥിച്ചു. എല്‍ഡിഎഫ് മണ്ഡലം കണ്‍വന്‍ഷനുകള്‍ക്കും ബുധനാഴ്ച തുടക്കമായി. പേരാമ്പ്ര, കോഴിക്കോട് നോര്‍ത്ത് മണ്ഡലം കണ്വന്ഷനുകളാണ്നടന്നത്.
നൂറുകണക്കിനാളുകളാണ് കണ്‍വന്‍ഷനില്‍ പങ്കെടുത്തത്. വ്യാഴം, വെള്ളി ദിവസങ്ങളില്‍ മറ്റു മണ്ഡലംകണ്വന്ഷനുകള് പൂര്‍ത്തിയാകുന്നതോടെ പര്യടനം രണ്ടാംഘട്ടത്തിലേക്ക് കടക്കും.സ്ഥാനാര്ഥികളെപ്രഖ്യാപിച്ചതോടെവിവിധ ഭാഗങ്ങളില്‍ ബോര്‍ഡുകളും പോസ്റ്ററുകളും ഉയര്‍ന്നു. ചുവരെഴുത്തുകളും തെളിഞ്ഞു തുടങ്ങി.
എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ മണ്ഡലം കണ്‍വെന്‍ഷനുകള്‍ക്ക് ഇന്ന് തുടക്കമാകും. മുന്നണിയുടെ പ്രകടനപത്രികയും ഉടന്‍ പ്രസിദ്ധീകരിക്കും. എല്ലാ ജില്ലകളിലും മുഖ്യമന്ത്രി പ്രചാരണം നടത്തും. മറ്റ് മുന്നണികളുടെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും മുന്‍പ് ആദ്യഘട്ട പ്രചാരണം ആരംഭിച്ച് മേല്‍ക്കൈ നേടാനാണ് ഇടത് മുന്നണി ശ്രമം.
സ്ഥാനാര്‍ഥികളുടെ സോഷ്യല്‍ മീഡിയ പ്രചാരണം ഇതിനോടകം ആരംഭിച്ച് കഴിഞ്ഞു.കാനം രാജേന്ദ്രന്, എ.വിജയരാഘവന്, കോടിയേരി ബാലകൃഷ്ണന്, ജോസ് കെ. മാണി എന്നിവര്‍ പ്രചാരണത്തിന് നേതൃത്വം നല്‍കും. സീതാറാം യെച്ചൂരി, എച്ച്. രാജ, ശരദ് പവാര്‍, എച്ച്.ഡി. ദേവഗൌഡ എന്നിവരും വിവിധ സമയങ്ങളിലായ പ്രചരണത്തിന്റെ ഭാഗമാകും.