വെള്ളാരംകുന്ന് (കുമളി): പെരുന്തേനീച്ചയുടെ ഒരു കൂട് എവിടെങ്കിലും ഇരിക്കുന്നതു കണ്ടാൽ തന്നെ ആളുകൾക്ക് ആശങ്കയാണ്.
പ്രത്യേകിച്ചു ജനവാസ കേന്ദ്രങ്ങളിൽ. തേൻകൂടിനു പക്ഷികൾ കൊത്തുകയോ കുട്ടികൾ കല്ലെറിയുകയോ ഒക്കെ ചെയ്താൽ തേനീച്ച ഇളകി കണ്ണിൽ കാണുന്നവരെയൊക്കെ കുത്തിനിരത്തും. മാരകമായ കൂട്ട കുത്തേറ്റാൽ ജീവൻവരെ പോകാൻ മറ്റൊന്നും വേണ്ട.
ഒരു പെരുന്തേനീച്ച കൂടു പോലും ജനത്തെ ആശങ്കപ്പെടുത്തുന്പോൾ ഒരു മരത്തിൽ ഒന്നും രണ്ടുമല്ല 63 കൂട് ഇടംപിടിച്ചാലോ?
ഇടുക്കി കുമളി വെള്ളാരംകുന്ന് നടൂപ്പറന്പിൽ തങ്കച്ചന്റെ പുരയിടത്തിൽ ചെന്നാൽ ഈ കാഴ്ചകാണാം.
63 ഭീമൻ പെരുന്തേനീച്ച കൂടുകളാണ് മരത്തിന്റെ വിവിധ ശിഖരങ്ങളിലായി തൂങ്ങിക്കിടക്കുന്നത്.
അതിലേക്കു നോക്കുന്പോൾ തന്നെ നമുക്കു നെഞ്ചിടിക്കാൻ തുടങ്ങും. പലർക്കും ഈ മരത്തിനു സമീപത്തേക്കു പോകാൻ പോലും ഇപ്പോൾ ഭയമാണ്.
ഒന്നോ രണ്ടോ കൂടുകളായിരുന്നെങ്കിൽ ആരെയെങ്കിലും വിളിച്ചു നീക്കം ചെയ്യുകയോ മറ്റോ ചെയ്യാമായിരുന്നു.
63 കൂടുകൾ തോരണം പോലെ തൂങ്ങിക്കിടക്കുന്പോൾ എന്തു ചെയ്യാൻ കഴിയുമെന്ന ആശങ്കയിലാണ് തങ്കച്ചനും കുടുംബവും.
ഈ കുടുംബം മാത്രമല്ല അയൽവാസികൾ ഒക്കെയും ആശങ്കയിലാണ് കഴിയുന്നത്. പുരയിടത്തിലെ കൃഷിപ്പണികൾ പോലും സമാധാനത്തോടെ നിന്നു ചെയ്യാനാവാത്ത സ്ഥിതിയിലാണ് കാര്യങ്ങൾ.
ഈ പ്രശ്നം പരിഹരിക്കാൻ വനംവകുപ്പോ ബന്ധപ്പെട്ടവരോ നടപടിയെടുക്കണമെന്നാണ് ഇവരുടെ ആവശ്യം. ഏറ്റവും വലുതും അക്രമണ സ്വഭാവമുള്ളവയുമാണ് പെരുന്തേനീച്ചകൾ.
ഇന്ത്യയില്‍ കൂടുതലായി തേനും മെഴുകും ലഭിക്കുന്നതു പെരുന്തേനീച്ചയില്‍ നിന്നാണ്. വനാന്തരങ്ങളിലും മറ്റുമാണ് സ്ഥിരവാസമെങ്കിലും തേനും പൂമ്പൊടിയും കിട്ടുമെങ്കില്മനുഷ്യവാസമുള്ള സ്ഥലങ്ങളിലും ഇവ കൂടുകൂട്ടും..
ഒരു മീറ്റര്‍ വരെ വലുപ്പമുള്ള ഒറ്റ അടയാണ് ഒരു കൂട്ടിൽ. ഇങ്ങനെ 63 അടകളാണ് തങ്കച്ചന്റെ പുരയിടത്തിലെ മരത്തിലുള്ളത്.
ശല്യപ്പെടുത്തുന്നുവെന്നു തോന്നിയാൽ ആളുകളെ കൂട്ടത്തോടെ പിന്തുടർന്ന് ആക്രമിക്കുന്ന സ്വഭാവം ഇവയ്ക്കുണ്ട്.
പുക ഉപയോഗിച്ചു ഈച്ചകളെ അകറ്റിയ ശേഷമാണ് പലരും പെരുന്തേനീച്ച കൂടുകളിലെ തേൻ എടുക്കുന്നതും ഇവയെ ഒഴിപ്പിക്കുന്നതും.
എന്നാൽ 63 കൂടുതൽ ഒരു മരത്തിൽ തന്നെ തൂങ്ങുന്പോൾ എന്തു ചെയ്യുമെന്ന ചോദ്യമാണ് ബാക്കിയാകുന്നത്.