സ്വന്തം ലേഖകൻ
ന്യൂഡൽഹി: അഞ്ചിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പാർട്ടിയുടെ വിജയത്തിനായി ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ.
കേരളം, പശ്ചിമബംഗാൾ, തമിഴ്നാട്, ആസാം, പുതുച്ചേരി എന്നിവിടങ്ങളിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും ത്രിപുരയിലെ ജില്ലാ സ്വയംഭരണ കൗണ്സിലുകളിലേക്കും നടക്കുന്ന തെരഞ്ഞെടുപ്പുകളിൽ പാർട്ടിയെ വിജയത്തിലെത്തിക്കണം.
പ്രധാന ലക്ഷ്യം ബിജെപിയെ പരാജയപ്പെടുത്തുക എന്നതാണ്. ജനങ്ങളുടെ ക്ഷേമത്തിനും ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും ബിജെപിക്കെതിരേ ഒറ്റക്കെട്ടായി നിന്നു പൊരുത്കണമെന്നും പോളിറ്റ് ബ്യൂറോ ആഹ്വാനം ചെയ്തു.
കാർഷിക നിയമങ്ങൾക്കെതിരേ നടക്കുന്ന കർഷക സമരത്തിന് സിപിഎം എല്ലാ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിക്കുന്നു.
വിവാദ നിയമങ്ങൾ പിൻവലിക്കാൻ മോദി സർക്കാർ അടിയന്തരമായി തയാറാകണം. സമരത്തിനിടെ ജീവൻ നഷ്ടപ്പെട്ട 300 കർഷകർക്ക് പോളിറ്റ് ബ്യൂറോ യോഗം ആദരാഞ്ജലികൾ അർപ്പിച്ചു.
പൊതു മേഖലാ സ്ഥാപനങ്ങൾ ഒന്നടങ്കം സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരേ സമരം ചെയ്യുന്ന ട്രേഡ് യൂണിയനുകൾക്കും സിപിഎം ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
ഈമാസം 15, 16 തീതികളിൽ നടക്കുന്ന ബാങ്ക് ജീവനക്കാരുടെ പണിമുടക്കിനും 17നു നടക്കുന്ന ജനറൽ ഇൻഷ്വറൻസ് കന്പനി യൂണിയനുകളുടെ സമരത്തിനും പോളിറ്റ് ബ്യൂറോ പിന്തുണ പ്രഖ്യാപിച്ചു.
വിലക്കയറ്റവും കർഷക പ്രശ്നങ്ങളും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പാർലമെന്റിൽ ചർച്ചയ്ക്കു തയാറാകാത്ത കേന്ദ്ര സർക്കാർ നിലപാടിനെ സിപിഎം പോളിറ്റ് ബ്യൂറോ യോഗം രൂക്ഷമായി വിമർശിച്ചു.
ചർച്ചകൾ ഒഴിവാക്കാനാണ് 15 വരെ പാർലമെന്റ് സമ്മേളിക്കാതിരിക്കുന്നതെന്നും സിപിഎം പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
പെട്രോളിയം ഉത്പന്നങ്ങൾക്ക് ചുമത്തിയിരിക്കുന്ന എക്സൈസ് നികുതി പിൻവലിക്കണമെന്ന ആവശ്യത്തിൽ സിപിഎം ഉറച്ചു നിൽക്കുകയാണെന്നും പോളിറ്റ് ബ്യൂറോ പറഞ്ഞു.