പർഭനി (മഹാരാഷ്ട്ര): ഒന്പതാംവയസിൽ പാക്കിസ്ഥാനിൽ എത്തിപ്പെട്ട ഗീത എന്ന പെൺകുട്ടി ഇന്ത്യയിൽ തിരിച്ചെത്തി അഞ്ചുവർഷത്തിനുശേഷം സനാഥയായി.
സംഝോതാ എക്സ്പ്രസിൽ അബദ്ധത്തിൽ പാകിസ്ഥാനിലേക്കു പോയി പന്ത്രണ്ടുവർഷത്തിനുശേഷം ജന്മനാട്ടിൽ തിരിച്ചെത്തിയ ബധിരയും മൂകയുമായ ഗീതയുടെ മാതാവ് മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തിലുണ്ടെന്ന് കണ്ടെത്തിയതു കഴിഞ്ഞദിവസമാണ്.
അന്നത്തെ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ പ്രത്യേകതാത്പര്യത്തെത്തുടർന്ന് 2015ലാണ് ഗീത ഇന്ത്യയിൽ മടങ്ങിയെത്തിയത്.
അന്നുമുതൽ ബന്ധുക്കളെ അന്വേഷിക്കുന്ന ഗീതയ്ക്ക് ഒടുവിൽ അമ്മയെ തിരികെ ലഭിക്കുകയായിരുന്നു.
പാക്കിസ്ഥാനിലെ കറാച്ചിയിൽ ഇധി ഫൗണ്ടേഷന്റെ സംരക്ഷണയിലായിരുന്നു ഗീത. ഫാത്തിമ എന്ന പേരാണ് അവർ ആദ്യം പെൺകുട്ടിക്കു നൽകിയത്.
എന്നാൽ ഹിന്ദു പെണ്കുട്ടിയാണെന്നു മനസിലാക്കിയ അവർ ഗീത എന്ന് പുനർനാമകരണം ചെയ്തു. ഗീതയ്ക്കു സ്വന്തം അമ്മയെ ലഭിച്ച വിവരം അറിയുന്നതും ഇധി ഫൗണ്ടേഷനിൽനിന്നാണ്.
ഫൗണ്ടേഷന്റെ നടത്തിപ്പുകാരിയായ ബിൽകിസ് ഇധിയോട് ഗീതതന്നെയാണ് സന്തോഷവാർത്ത അറിയിച്ചത്.
മഹാരാഷ്ട്രയിലെ പർഭനി ജില്ലയിലെ ജിന്തൂരിൽ കഴിയുന്ന മീന വാഗ്മറെ എന്ന എഴുപത്തിയൊന്നുകാരിയാണു ഗീതിയുടെ അമ്മ.
രാധ എന്നുപേരുള്ള മകളെ (ഗീത) ഒന്പതാംവയസിലാണുകാണാതായതെന്ന് അവർ പറഞ്ഞു. ഗീതയുടെ അച്ഛനും മീനയുടെ ആദ്യഭർത്താവുമായ സുധാകർ വാഗ്മറെ ഏതാനും വർഷംമുന്പാണ് മരിച്ചത്.
രണ്ടാംഭർത്താവിനൊപ്പം ഒൗറംഗാബാദിലാണ് മീന ഇപ്പോൾ കഴിയുന്നത്. മാതൃത്വം തെളിയിക്കുന്നതിന് ഡിഎൻഎ പരിശോധന നടത്തണമോയെന്നതിൽ സർക്കാരാണ് ഇനി തീരുമാനം എടുക്കേണ്ടത്.
അതുവരെ ഗീത സന്നദ്ധസംഘടനകളുടെ നേതൃത്വത്തിൽ തുടരും.