കാഞ്ഞങ്ങാട്: എപ്പോഴെങ്കിലും നിങ്ങള്‍ക്ക് സ്വന്തമായി ഒരു ഫയര്‍ എൻജിന് വാങ്ങണമെന്ന് തോന്നിയിട്ടുണ്ടോ..?
ഇതാ അഗ്നിരക്ഷാസേനയുടെ ജില്ലയിലെ രണ്ടു ഫയര്‍ എൻജിനുകള്‍ ലേലത്തിന് വയ്ക്കാന്‍ പോവുകയാണ്.
ഫയര്‍ എൻജിന് ലേലത്തില്‍ പിടിച്ച് സ്വന്തമായൊരു സ്വകാര്യ ഫയര്‍ സ്റ്റേഷന് തുടങ്ങിക്കളയാമെന്നൊന്നും ചിന്തിച്ചേക്കരുത്. ഒന്നാമത് അങ്ങനെയൊന്ന് തുടങ്ങാന്‍ നിയമമില്ല.
രണ്ടാമത്, ലേലത്തിന് വച്ചിരിക്കുന്ന ഫയര്‍ എൻജിനുകള്‍ കാലപ്പഴക്കംമൂലം ഇനി ഉപയോഗിക്കാന്‍ കഴിയാത്ത നിലയിലാണ്.
ലേലത്തില്‍ പിടിച്ച സാധനം കൊണ്ടുപോകണമെങ്കില്‍ തന്നെ ചിലപ്പോള്‍ ‘വെള്ളാനകളുടെ നാട്’ എന്ന സിനിമയിൽ ജപ്തി ചെയ്തുകിട്ടിയ റോഡ് റോളര്‍ കൊണ്ടുപോകാന്‍ മോഹന്‍ലാലിന്റെ കഥാപാത്രം ചെയ്തതുപോലെ ചില അഭ്യാസങ്ങളൊക്കെ വേണ്ടിവന്നേക്കാം.
ലേലം ചെയ്യാന്‍ പോകുന്ന വാഹനങ്ങളിലൊന്ന് 1998 മോഡലും മറ്റേത് 2003 മോഡലുമാണ്. ഒരെണ്ണത്തിന്റെ 20 വര്‍ഷത്തെ ആയുസ് കഴിഞ്ഞതും മറ്റേത് രണ്ടുവര്‍ഷത്തിനുള്ളില്‍ കഴിയാന്‍ പോകുന്നതുമാണെന്ന് സാരം.
ചുരുക്കിപ്പറഞ്ഞാല്‍ പൊളിച്ചുവില്ക്കുകയെന്ന ഉദ്ദേശ്യത്തോടുകൂടി മാത്രമേ ലേലം കൊണ്ടിട്ട് കാര്യമുള്ളൂ.
1998 മോഡല്‍ വാഹനം നിലവില്‍ കാഞ്ഞങ്ങാട് ഫയര്‍ സ്റ്റേഷനിലാണുള്ളത്. റോഡപകടങ്ങള്‍, കിണറ്റില്‍ വീണും മറ്റുമുള്ള അപകടങ്ങള്‍ എന്നിവയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഉപയോഗിക്കുന്ന എമര്‍ജന്‍സി ടെന്‍ഡര്‍ വാഹനമായാണ് ഇത് ഉപയോഗിച്ചിരുന്നത്.
ഇത്രയും വര്‍ഷത്തിനിടയില്‍ ഒരുപാട് ജീവന് രക്ഷിച്ചതിന്റെ പുണ്യമുള്ള വാഹനമാണ്.
2003 മോഡലിലുള്ളത് തൃക്കരിപ്പൂര്‍ സ്റ്റേഷനിലെ പഴയ ഫയര്‍ എൻജിനാണ്. സര്‍ക്കാര്‍ അനുമതിയോടെ ലേലം നടത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്.
ഈ രണ്ടുവാഹനങ്ങളും സ്റ്റോക്കില്‍ നിന്ന് ഒഴിവാകുന്നതോടെ പകരം പുതിയ വാഹനങ്ങള്‍ ലഭിക്കും. ഇതിലൊന്ന് എമര്‍ജന്‍സി ടെന്‍ഡര്‍ സംവിധാനത്തോടുകൂടിയതാകുമെന്നാണ് പ്രതീക്ഷ.