അഞ്ചല്‍ : ടാക്സി അടക്കം പൊതുഗതാഗത സര്‍വീസിന് ഉപയോഗിക്കുന്ന വാഹനങ്ങളില്‍ അനുമതിയില്ലാതെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ചാല്‍ കര്‍ശന നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്.
ഓട്ടോറിക്ഷകളില്‍ വ്യാപകമായി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുന്ന രീതിയില്‍ പരസ്യ പ്രചരണം നടത്തുന്നുവെന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ല തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം കഴിഞ്ഞ ദിവസം അഞ്ചലില്‍ നടത്തിയ പരിശോധനയില്‍ നിയമലംഘനം നടത്തിയ ഓട്ടോറിക്ഷ പിടികൂടി.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക സംഘമാണ് വാഹനം പിടികൂടിയത്.ഓട്ടോറിക്ഷയുടെ അനുവദനീയമായ ടാര്പ്പക്ക് പകരം തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പേരില്‍ പ്രിന്റ് ചെയ്ത ഫ്ലക്സ് ആയിരുന്നു ഉപയോഗിച്ചിരുന്നത്.
ഇത് ഇളക്കി മാറ്റണം എന്നും ഇനിയും നിയമ ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.വാഹനങ്ങളിലെ നിയമലംഘനത്തിനെതിരെ മോട്ടോര്‍ വാഹന വകുപ്പും നടപടി ആരംഭിച്ചിട്ടുണ്ട്.