കോട്ടയം: ഉമ്മൻ ചാണ്ടിയുടെ സ്ഥാനാർഥിത്വം നേമത്തു പരിഗണിക്കുന്നതോടെ പുതുപ്പള്ളിയിലെ കോണ്ഗ്രസ് പ്രവർത്തകർ ആശങ്കയിൽ. പുതുപ്പള്ളിയിൽ നിന്നു നിയമ സഭ പ്രവേശനത്തിന്റെ 50 വർഷം പൂർത്തിയാക്കിയ ഉമ്മൻ ചാണ്ടിയുടെ ജൂബിലി ആഘോഷം മാസങ്ങൾക്കു മുന്പാണ് മണ്ഡലത്തിൽ നടന്നത്.
ഇത്തവണ 50000 റിക്കാർഡ് ഭൂരിപക്ഷം എന്ന ലക്ഷ്യത്തോടെ ഉമ്മൻ ചാണ്ടിയെ വിജയപ്പിക്കുന്നതിനായി കഴിഞ്ഞ കുറേ നാളുകളായി പുതുപ്പള്ളി മണ്ഡലത്തിലെ യുഡിഎഫ് പ്രവർത്തകർ പദ്ധതി ആവിഷ്കരിച്ചുള്ള പ്രവർത്തനത്തിലായിരുന്നു. ഇതിനിടിയിലാണ് കോണ്ഗ്രസ് പ്രവർത്തകരെ ആശങ്കയിലാക്കി ഉമ്മൻ ചാണ്ടി നേമത്തു മത്സരിക്കുമെന്ന അഭ്യൂഹം പരന്നത്.
ഉമ്മൻ ചാണ്ടിക്കു പകരം പുതുപ്പള്ളിയിൽ മകൻ ചാണ്ടി ഉമ്മൻ മത്സരിക്കുമെന്നും വാർത്ത പരന്നിരുന്നു. എന്നാൽ നിയമസഭാ തരഞ്ഞെടുപ്പിൽ നേമം നിയോജക മണ്ഡലത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മത്സരിക്കുമെന്ന പ്രചാരണം ദുഷ്ടലാക്കോടെ ഉള്ളതാണെന്ന് കോട്ടയം യൂത്ത് കോണ്ഗ്രസ് നേതാക്കൾ പറഞ്ഞു.
സംസ്ഥാനത്ത് എവിടെ മത്സരിച്ചാലും വിജയസാധ്യതയുള്ള നേതാവാണ് ഉമ്മൻചാണ്ടി. അദ്ദേഹം കോട്ടയം വിട്ട് പുറത്തു പോകുമെന്നത് ചില കുബുദ്ധികളുടെ വ്യാജ പ്രചാരണം മാത്രമാണ്. നേമത്തിന്റെ പേരിൽ ഇത്രയും വലിയ കോലാഹലം ഉണ്ടാക്കുന്നതിന് പിന്നിൽ ഗൂഡശക്തികളാണ്. ഉമ്മൻചാണ്ടി പുതുപ്പള്ളി വിടുകയുമില്ല. പുതുപ്പള്ളി വിടാൻ ഞങ്ങൾ സമ്മതിക്കുകയുമില്ല, യൂത്ത് കോണ്ഗ്രസ് വ്യക്തമാക്കി.