പത്തനാപുരം:അവശതകൾ വിസ്മരിച്ച് ആവേശം പകർന്ന് ആർ.ബാലകൃഷ്ണപിള്ള തിരഞ്ഞെടുപ്പ് പ്രചരണത്തിൽ.
പത്തനാപുരത്തെ ഇടതുമുന്നണി സ്ഥാനാർത്ഥിയും,മകനും, കേരള കോൺഗ്രസ് ബി വൈസ് ചെയർമാനുമായ കെ ബി ഗണേഷ് കുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിനാണ് പത്തനാപുരത്തു ബാലകൃഷ്ണപിള്ള എത്തിയത്.
ഇടതുമുന്നണിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചു നേതാക്കളെയും അണികളെയും കണ്ടശേഷമാണ് അദ്ദേഹം മടങ്ങിയത്.
സ്ഥാനാർഥിയായ കെ ബി ഗണേഷ് കുമാർ കോവിഡ് ബാധയെ തുടർന്ന് കൊട്ടാരക്കര ആശുപത്രിയിലായിരുന്നു.
ഇതിനിടെ, ന്യുമോണിയ ബാധിച്ചതോടെ ഗണേഷ്കുമാറിനെ തിരുവനന്തപുരത്തേക്കു മാറ്റിയിരുന്നു.
ഇതിനാൽസ്ഥാനാർഥിയെ നിശ്ചയിച്ചിട്ടുണ്ടെങ്കിലും ഗണേഷ്കുമാറിന് ഇതുവരെ മണ്ഡലത്തിൽ എത്താൻ കഴിഞ്ഞിട്ടില്ല.
ഇതോടെ പ്രായാധിക്യം മൂലമുള്ള അവശതകൾ ഉണ്ടെങ്കിലും ബാലകൃഷ്ണപിള്ള നേരിട്ട് രംഗത്തെത്തുകയായിരുന്നു.
കഴിഞ്ഞ പ്രാവിശ്യത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഗണേഷ് കുമാറിനും സംസ്ഥാനത്തെഎൽ ഡി എഫ് സ്ഥാനാർത്ഥികൾക്കു വേണ്ടി പ്രചരണ രംഗത്തു സജീവമായിരുന്നു പിള്ള.
മുൻപ് തിരഞ്ഞെടുപ്പു കാലത്തു വേദികളിൽ നിന്ന് വേദികളിലേക്ക് തീപ്പൊരി പ്രസംഗം നടത്തി ജനങ്ങളെ ആകർഷിച്ചിരുന്നു.
ഒരു ദിവസം പത്ത് മുതൽ 20 വരെ വേദികളിൽ രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ട്. വിദേശത്തു മണിക്കൂറുകളോളം ഇംഗ്ലിഷിൽ പ്രസംഗം നടത്തിയും ശ്രദ്ധ നേടിയിട്ടുണ്ട്.
കൊട്ടാരക്കര വാളകത്തെ വസതിയിൽ വിശ്രമം ജീവിതം നയിക്കുന്ന ബാലകൃഷ്ണപിള്ള ഇലക്ഷനും രാഷ്ട്രീയവു മായി പഴയകാല കാര്യങ്ങൾ പറയുമ്പോൾ അവശതകൾ മറന്ന് വാചാലനാവും.
ഇക്കുറി തിരഞ്ഞെടുപ്പ് പ്രചരണത്തിന് വിവിധ മണ്ഡലങ്ങളിൽ പോകണമെന്നുണ്ടെങ്കിലും ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്നതിനാൽ സാധിച്ചേക്കില്ല എന്നടുപ്പമുള്ളവർ പറയുന്നു.